തൃശൂർ: ഒല്ലൂർ മാന്ദാമംഗലം സെന്റ് മേരീസ് പള്ളിത്തർക്കത്തിൽ ജില്ലാ കളക്ടർ നിർദ്ദേശിച്ച ഉപാധികൾ യാക്കോബായ വിഭാഗം അംഗീകരിച്ചതോടെ സംഘർഷാവസ്ഥയ്ക്ക് താത്കാലിക വിരാമമായി. ഹൈക്കോടതി വിധി വരുന്നതു വരെ സെന്റ് മേരീസ് പള്ളിയിൽ ആരാധനയ്ക്കായി പ്രവേശിക്കില്ലെന്ന് യാക്കോബായക്കാർ ജില്ലാ കളക്ടർക്ക് രേഖാമൂലം ഉറപ്പുനൽകി. ഇന്ന് കുർബാന നടത്താൻ അനുവദിക്കണമെന്ന ഇവരുടെ ആവശ്യം കളക്ടർ നിരസിച്ചു. പള്ളിയിൽ പ്രവേശിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഓർത്തഡോക്‌സ് സഭയും ഉറപ്പുനൽകിയിരുന്നു.
ഇന്ന് കുർബാനയ്ക്കു ശേഷം ഒഴിയാമെന്ന് യാക്കോബായ വിഭാഗം പറഞ്ഞെങ്കിലും, ഇത് ക്രമസമാധാന പ്രശ്‌നങ്ങൾക്ക് വഴിവച്ചേക്കും എന്നതിനാൽ കളക്ടർ സമ്മതിച്ചില്ല. കോടതി തീർപ്പു വരുന്നതുവരെ പള്ളി അടച്ചിടും.
അതേസമയം, കഴിഞ്ഞ ദിവസത്തെ കല്ലേറിനും സംഘർഷത്തിനുമിടയിൽ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യാക്കോബായ സഭാംഗം അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ജില്ലാ ഭരണകൂടത്തിന്റെ അറിവോടെയല്ലാതെ ഇരു സഭാംഗങ്ങളും പള്ളിയിലെത്തില്ലെന്നും ക്രമസമാധാന പ്രശ്‌നമുണ്ടാക്കില്ലെന്ന് ഇരുവിഭാഗവും ഉറപ്പു നൽകിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ ടി.വി. അനുപമ പറഞ്ഞു.