കൊടുങ്ങല്ലൂർ: ഭാഷയെയും സാംസ്‌കാരവും സംരക്ഷിക്കാനും വികസിപ്പിക്കാനും സാങ്കേതിക വിദ്യക്ക് കഴിയണമെന്ന് സാഹിത്യ വിമർശകനും പ്രഭാഷകനുമായ ഡോ. പി.കെ. രാജശേഖരൻ പറഞ്ഞു. വിക്കിമീഡിയ വാർഷിക കൂട്ടായ്മയായ വിക്കി സംഗമോത്സവം ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കോട്ടപ്പുറം വികാസിൽ സംഘാടക സമിതി ചെയർമാൻ കെ.ആർ. ജൈത്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം അഡ്വ. വി.ആർ. സുനിൽ കുമാർ എം.എൽ.എ സംഗമം ഉദ്ഘാടനം ചെയ്തു. വിക്കി മീഡിയ ഇന്ത്യ ഡയറക്ടർ ബോർഡ് അംഗം വിശ്വപ്രഭ, വിക്കിപിഡിയ ഫൗണ്ടേഷൻ അഡ്മിൻ തൻവീർ ഹസൻ, മുസരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി.എം. നൗഷാദ് എന്നിവർ ആശംസാ പ്രസംഗം നടത്തി. വി. മനോജ് സ്വാഗതവും കെ.കെ. വിജയൻ നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന വിക്കി വിദ്യാർത്ഥി സംഗമം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബിന്ദു ഗോപി അദ്ധ്യക്ഷയായി. കെ.ജെ. ഷീല സ്വാഗതവും ടി.എസ്. സിനിൽ നന്ദിയും പറഞ്ഞു. വിശ്വപ്രഭ ക്ലാസ് നയിച്ചു. വിക്കി ഉപയോഗം, വ്യാപനം തുടങ്ങിയ വിഷയങ്ങളെ കേന്ദ്രീകരിച്ച് വിവിധ അവതരണം നടന്നു. 'വിക്കിപിഡി _ വിഷൻ 2030' എന്ന വിഷയം വിക്കിപീഡിയ ഫൗണ്ടേഷനുവേണ്ടി തൻവീർ ഹസൻ അവതരിപ്പിച്ചു.
'വിക്കി ഡാറ്റ ശേഖരണം: പുതുചിന്തകൾ' രഞ്ജിത്ത് സിജി അവതരിപ്പിച്ചു. പുതുതായി വിക്കിപീഡിയയിലേക്ക് കടന്നുവരുന്നവർക്കായി മുജീബ് റഹ്മാൻ ക്ലാസ് എടുത്തു. മലയാള ഭാഷ -കമ്പ്യുട്ടിംഗ്, ലിബി നിർമാണം' എന്ന വിഷയത്തിൽ എം.എച്ച്. ഹുസൈൻ അവതരണം നടത്തി. വിക്കിപീഡിയയെ വിദ്യാഭ്യാസ ഉപകരണം ആക്കുന്നതിന്റെ സാദ്ധ്യതകൾ ആയിരുന്നു അച്ചു കുളങ്ങര അവതരിപ്പിച്ചത്. 'വിക്കി മാപ്പും ഓപ്പൻസ്ട്രീറ്റ് മാപ്പും' എന്ന വിഷയത്തിൽ വി.എം. കണ്ണൻ പ്രബന്ധം അവതരിപ്പിച്ചു. രാത്രിയിൽ നടന്ന 'വിക്കിപീഡിയ ഓപ്പൺഫോറം' കൈറ്റ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. പരിപാടികൾ ഇന്നും നാളെയും തുടരും.....