തൃശൂർ : ലോക് സഭാ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായില്ലെങ്കിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളെ പറ്റിയുള്ള ഊഹാപോഹങ്ങൾക്ക് അവസാനമില്ല. നഷ്ടപ്പെട്ട സീറ്റ് തിരിച്ചു പിടിക്കാൻ യു.ഡി.എഫും അട്ടിമറിക്ക് ബി.ജെ.പിയും അരയും തലയും മുറുക്കി ഇറങ്ങുമ്പോൾ സ്ഥാനാർത്ഥികളെ സംബന്ധിച്ച ചർച്ചകൾക്കും ഗൗരവം ഏറുകയാണ്. അതോടൊപ്പം സീറ്റു മോഹികൾ തങ്ങളുടെ വേണ്ടപ്പെട്ടവരിലൂടെ സോഷ്യൽ മീഡിയയിൽ നടത്തുന്ന പ്രചരണവും ശക്തി പ്രാപിച്ചതോടെ തിരഞ്ഞെടുപ്പ് ചൂട് നേരത്തെ അനുഭവപ്പെട്ടു തുടങ്ങി.

എൽ.ഡി.എഫ്

എൽ.ഡി.എഫിൽ സി.പി.ഐയുടെ സീറ്റാണ് തൃശൂർ. ഒമ്പത് തവണ സി.പി.ഐ വിജയിച്ച മണ്ഡലമാണ് തൃശൂർ. ഒരു തവണ സി.പി.എമ്മും വിജയം നേടി. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും എൽ.ഡി.എഫിന് തന്നെയാണ് വിജയം. ഇത്തവണ സ്ഥാനാർത്ഥി ആരെന്നത് സംബന്ധിച്ച് പാർട്ടി തീരുമാനം എടുത്തിട്ടില്ലെങ്കിലും ദേശീയ നേതൃത്വത്തിന് ജയദേവൻ തന്നെ മത്സര രംഗത്ത് ഉണ്ടാകണമെന്നാണ് താത്പര്യം. പാർട്ടി നേതൃത്വത്തിന് നൽകുന്ന മൂന്നു പേരുടെ ലിസ്റ്റിൽ ഒന്നാമത്തെ പേര് ജയദേവന്റെ തന്നെ ആയിരിക്കുമെന്നാണ് അറിയുന്നത്. കെ.പി. രാജേന്ദ്രന്റെ പേരാണ് രണ്ടാമത്. കൂടാതെ മുൻ എം.എൽ.എ രാജാജി മാത്യു തോമസിന്റെ പേരും ഉയരുന്നുണ്ട്. ഇതിനിടയിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സി.പി.എമ്മുമായി നിലനിൽക്കുന്ന പ്രശ്‌നങ്ങൾ സി.പി.ഐയെ വലിയ തോതിൽ അലട്ടുന്നുണ്ട്. താന്ന്യത്ത് സി.പി.എമ്മിനെതിരെ സി.പി.ഐ പ്രത്യക്ഷ സമരത്തിലാണ്. ഡി.വൈ.എഫ്.ഐക്കെതിരെ വ്യാപകമായ പോസ്റ്ററുകളാണ് ഉയർന്നിട്ടുള്ളത്.

യു.ഡി.എഫ്

യു.ഡി.എഫിൽ കോൺഗ്രസിന്റെ സീറ്റാണ് തൃശൂർ. എന്നാൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി ആരാകും എന്ന് അവസാന നിമിഷം മാത്രമേ അറിയാൻ സാധിക്കൂ. ആദ്യം മുതൽ അവസാനം വരെ പറഞ്ഞു കേൾക്കുന്ന പേരുകൾ പക്ഷേ ലിസ്റ്റ് വരുമ്പോൾ മറ്റൊരാളുടേതായി മാറുന്ന പാരമ്പര്യവും കോൺഗ്രസിലുണ്ട്. എന്നിരുന്നാലും രാഹുൽ ഗാന്ധിക്ക് പ്രിയങ്കരനായ ടി.എൻ. പ്രതാപന്റെ പേര് സജീവമായി ഉയരുന്നുണ്ട്. പിന്നെ ഉയരുന്ന പേര് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിന്റേതാണ്. ഇതിന് പുറമേ സഭാ പ്രതിനിധി എന്ന നിലയിൽ വ്യാപകമായ പ്രചരണവുമായി ഷാജി കോടങ്കണ്ടത്തിന്റെ പേരും കോൺഗ്രസ് വൃത്തങ്ങളിൽ പ്രചരിക്കുന്നുണ്ട്. തൃശൂർ സീറ്റ് ഐ ഗ്രൂപ്പിന്റേതാണ്. അത് കൊണ്ട് സുധീരൻ പക്ഷക്കാരനായ പ്രതാപന് ഈ സീറ്റ് നൽകില്ലെന്ന് കാണിച്ച് ചരടുവലികളും നടക്കുന്നുണ്ട്. എന്നാൽ പ്രതാപൻ ഒരുമുഴം നീട്ടി എറിഞ്ഞ് ചെന്നിത്തലയുമായി സൗഹൃദം സ്ഥാപിച്ചത് പലരെയും വെട്ടിലാക്കിയിട്ടുണ്ട്.

ബി.ജെ.പി

തൃശൂരിൽ കെ. സുരേന്ദ്രൻ മതി എന്ന നിലപാടിലാണ് ബി.ജെ.പിയിലെ ഭൂരിഭാഗം പേരും. ശബരിമല വിഷയത്തിൽ സുരേന്ദ്രന് ലഭിച്ച വൻ മൈലേജ് ഇത്തവണ നേട്ടം ഉണ്ടാക്കാൻ കഴിയുമെന്നാണ് ഇവരുടെ പക്ഷം. സുരേന്ദ്രൻ വരുന്നതിനോട് ആർ.എസ്.എസിനും താൽപര്യ കുറവില്ല. കഴിഞ്ഞ തവണ അത്ര പരിചയം ഇല്ലാത്ത കെ.പി. ശ്രീശനെ നിറുത്തി ഒരു ലക്ഷത്തിലേറെ വോട്ടുകൾ നേടാൻ സാധിച്ചെങ്കിൽ സുരേന്ദ്രനെ നിർത്തി അട്ടിമറി ഉണ്ടാക്കണമെന്നാണ് ഇവരുടെ പക്ഷം. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധകൃഷ്ണനും തൃശൂർ സീറ്റിൽ നോട്ടമിട്ടിട്ടുണ്ട്. അതേസമയം സുരേന്ദ്രൻ തൃശൂരിൽ മത്സരിക്കാത്ത പക്ഷം കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തെ പരീക്ഷിക്കാനും ഇടയുണ്ട്. കഴിഞ്ഞ ദിവസം തൃശൂർ ജില്ലയിലെ വിവിധ ആരാധനാലയങ്ങൾക്ക് ഏട്ടു കോടിയിലേറെ രൂപ പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം ഇതിനു മുന്നോടിയാണെന്ന വിലയിരുത്തലുണ്ട്...