boat-kuzhur
കുഴൂരിൽ വഴിയോരത്ത് തകർന്ന് കിടന്ന ബോട്ട് നാട്ടുകാരുടെ സഹായത്തോടെ മത്സ്യത്തൊഴിലാളികൾ വാഹനത്തിൽ കയറ്റുന്നു

മാള: പ്രളയ ദുരന്തത്തിൽ മരണത്തെ മുഖാമുഖം കണ്ടവരെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റാൻ മത്സ്യത്തൊഴിലാളികൾ കൊണ്ടുവന്ന ബോട്ട് ചേതനയറ്റ നിലയിൽ തിരികെ കൊണ്ടുപോയി. കുഴൂരിൽ രക്ഷാപ്രവർത്തനം നടത്താൻ അഴീക്കോട് നിന്ന് കൊണ്ടുവന്ന ബോട്ടാണ് തകർന്നത്. കുഴൂർ പഞ്ചായത്തിലെ നിരവധി മനുഷ്യ ജീവനുകളെ ജീവിതത്തിന്റെ കരയിലേക്ക് കൊണ്ടുവരാൻ അന്ന് പാഞ്ഞെത്തിയ ആ മത്സ്യബന്ധന ബോട്ടാണ് ഇന്ന് താങ്ങിക്കയറ്റി കൊണ്ടുപോകേണ്ട നിലയിലായത്.

രക്ഷാപ്രവർത്തനത്തിനൊടുവിൽ തകർന്ന ബോട്ട് കുഴൂരിൽ വഴിയോരത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിക്കാതെ തകർന്നുകിടന്ന ബോട്ട് വാഹന യാത്രക്കാർക്ക് തടസമായ നിലയിലായിരുന്നു. അന്ന് മത്സ്യത്തൊഴിലാളികളായ മാടത്തിങ്കൽ സഹദേവൻ, സഹോദരൻ നകുലൻ, മനപ്പറമ്പിൽ സിദ്ധിഖ്, ചെട്ടിയാറ രാജേഷ് എന്നിവരാണ് ബോട്ടുമായെത്തിയത്. നകുലന്റെ ഉടമസ്ഥതയിലുള്ള ബോട്ട് തകർന്നതോടെ ഉപജീവന മാർഗം തന്നെ ഇല്ലാതായ നിലയിലായിരുന്നു. നഷ്ടപരിഹാരത്തിനായി ഓഫീസുകൾ കയറിയിറങ്ങി നിരാശപ്പെടുന്നതിനിടയിൽ കഴിഞ്ഞയാഴ്ച മാത്രമാണ് അധികൃതരിൽ നിന്ന് ആശ്വാസ വാക്കുകൾ ഉണ്ടായത്. നഷ്ടപരിഹാരമായി അറുപതിനായിരം രൂപ ലഭിക്കുമെന്ന വാക്കാലുള്ള അറിയിപ്പാണ് ലഭിച്ചത്. അതിനിടയിലാണ് ബോട്ട് കുഴൂരിൽ നിന്ന് കൊണ്ടുപോകാൻ അവർ വീണ്ടും എത്തിയത്. നാട്ടുകാരുടെ ആവശ്യം കൂടി പരിഗണിച്ചാണ് ബോട്ടിനെ ലോറിയിൽ കയറ്റി അഴീക്കോട്ടേക്ക് കൊണ്ടുപോയത്. ബോട്ട് റോഡിൽ കിടന്നിരുന്നത് നിരവധി അപകടങ്ങൾക്ക് ഇടയാക്കിയ അവസരത്തിലാണ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത്. നൂറുകണക്കിന് ജനങ്ങളുടെ രക്ഷകരെ നയിച്ച ബോട്ടിന് മാസങ്ങൾക്ക് ശേഷം കുഴൂർ ഗ്രാമം യാത്രയയപ്പ് നൽകുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടയിൽ സഹായവുമായെത്തിയ നിരവധി പേരാണ് ബോട്ടിനെ ലോറിയിലേക്ക് കയറ്റാൻ സഹായിച്ചത്. ​​