തൃശൂർ: കേരള സംഗീത നാടക അക്കാഡമിയുടെ പതിനൊന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് തുടക്കമായി. അക്കാഡമി അങ്കണത്തിലെ ആക്ടർ മുരളി തിയേറ്ററിൽ മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്തു. അക്കാഡമി ചെയർപേഴ്സൺ കെ.പി.എ.സി ലളിത അദ്ധ്യക്ഷത വഹിച്ചു. പ്രളയാനന്തരം സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിട്ടും സർക്കാരിന്റെ പൂർണ സഹകരണത്തോടെയാണ് ഇറ്റ്ഫോക് നടത്തുന്നത്. സാമ്പത്തിക പരിമിതികൾ ഉണ്ടെങ്കിൽ പോലും പരസ്പരം സഹകരിച്ചു കൊണ്ട് നാടകോത്സവം വിജയകരമാക്കുമെന്ന് കെ.പി.എ.സി. ലളിത പറഞ്ഞു. മന്ത്രി സി. രവീന്ദ്രനാഥ് ഫെസ്റ്റിവൽ പുസ്തകവും ഫെസ്റ്റിവൽ ദിനങ്ങളിൽ പുറത്തിറക്കുന്ന വാർത്ത പത്രികയും പ്രകാശനം ചെയ്തു. ഫെസ്റ്റിവൽ ഡയറക്ടർമാരിൽ ഒരാളായ അരുന്ധതി നാഗ് പുസ്തകവും വാർത്താ പത്രികയും ഏറ്റു വാങ്ങി. ഫെസ്റ്റിവൽ ഡയറക്ടടർ എം.കെ. റെയ്ന ഫെസ്റ്റിവലിനെക്കുറിച്ച് സംസാരിച്ചു.
അക്കാഡമിയുടെ 2019ലെ അമ്മന്നൂർ പുരസ്കാരം ഇന്ത്യൻ നാടക പ്രവർത്തകൻ പ്രസന്നയ്ക്ക് മന്ത്രി എ.കെ. ബാലൻ സമ്മാനിച്ചു. ഫെസ്റ്റിവൽ ഡയറക്ടകർ ജി. കുമാരവർമ്മ പ്രശസ്തിപത്രം പാരായണം ചെയ്തു. സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ വൈശാഖൻ, സംഗീത നാടക അക്കാഡമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ. അക്കാഡമി നിർവാഹക സമിതി അംഗം ഫ്രാൻസിസ് ടി. മാവേലിക്കര എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തിന് ശേഷം മേളയിലെ ആദ്യ നാടകം 'ബിറ്റർ നെക്ടർ' കെ. ടി മുഹമ്മദ് റീജിയണൽ തിയറ്ററിൽ അരങ്ങേറി. രാത്രി 8.30 നു തോപ്പിൽ ഭാസി ബ്ലാക്ക് ബോക്സ് തീയ്യറ്ററിൽ ഇറാനിൽ നിന്നുള്ള നാടകം 'ദി വെൽ' അരങ്ങേറി. വൈകിട്ട് എം.എസ് ലാവണ്യവും സംഘവും അവതരിപ്പിച്ച സാക്സഫോൺ സംഗീത കച്ചേരിയും ഉണ്ടായിരുന്നു.