ഒല്ലൂർ: സഭാതർക്കത്തെ തുടർന്ന് പൂട്ടിയിട്ട പള്ളിക്ക് സമീപം യാക്കോബായ വിശ്വാസികൾ ദിവ്യബലി അർപ്പിച്ചു. രാവിലെ 8.30ന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന അഞ്ഞൂറോളം വിശ്വാസികൾ മാന്ദാമംഗലം സെന്ററിൽ എത്തിച്ചേർന്ന് അവിടെ നിന്നും മൗനപ്രാർത്ഥനയായി പള്ളിക്ക് സമീപമുള്ള വഴിയിൽ മേശ വച്ച് ഫാ. ബാസിൽ റോയിയുടെ നേതൃത്വത്തിൽ ദിവ്യബലി അർപ്പിക്കുകയായിരുന്നു. ഒന്നര മണിക്കൂറിന് ശേഷം വിശ്വാസികൾ പിരിഞ്ഞുപോയി. ഒല്ലൂർ പൊലീസിന്റെ നേതൃത്വത്തിൽ വൻപൊലീസ് സന്നാഹം പരിസരത്ത് ക്യാമ്പ് ചെയ്തിരുന്നു. 2002ൽ സഭാ തർക്കത്തെ തുടർന്ന് ഇതേപള്ളി അടച്ചിട്ടപ്പോൾ ഓർത്തഡോക്‌സ് വിഭാഗക്കാരും പള്ളിക്ക് പുറത്ത് നിന്ന് കുർബാന അർപ്പിച്ചിരുന്നു.