തൃശൂർ : വർണം വിടർത്തി നൃത്തമാടിയ പൂക്കാവടികളും പീലിക്കാവടികളും കൂർക്കഞ്ചേരി തൈപ്പൂയ മഹോത്സവത്തിൻ്റെ നിറക്കാഴ്ചയായി. ആറു ദേശങ്ങളിൽ നിന്നാടിയെത്തിയ കാവടികളാണ് കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രമുറ്റത്ത് അഴകുവിരിച്ചാടിയത്. ബഹുനില പൂക്കാവടികൾ അടക്കം അണിനിരന്ന പകൽക്കാവടിയുടെ ആവേശത്തിനു പിന്നാലെ രാത്രിക്കാവടിയും അവിസ്മരണീയമായി.
വടൂക്കര പടിഞ്ഞാട്ടുമുറി ശ്രീനാരായണസമാജം, കൂർക്കഞ്ചേരി ബാലസമാജം, പനമുക്ക് യുവജന സമാജം, ചിയ്യാരം ശ്രീനാരായണ ഗുരുകുല ബാലസംഘം, നെടുപുഴ ശ്രീനാരായണ സമാജം, കൂർക്കഞ്ചേരി ഗുരുദേവ സമാജം ദേശക്കാവടികളാണ് രാവിലെ പത്തരമുതൽ ക്ഷേത്രസന്നിധിയിലേക്ക് എത്തിയത്. ബാൻഡ് മേളം, നാഗസ്വരം, ശൂലവഴിപാട്, തപ്പുമേളം, താലം, മയിലാട്ടം തുടങ്ങിയവയുടെ അകമ്പടിയോടെയായിരുന്നു കാവടിസംഘങ്ങളുടെ വരവ്. ദേശക്കാർ ഊഴത്തിനനുസരിച്ച് ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ പ്രവേശിച്ചു. തുടർന്ന് തിടമ്പേറ്റി എഴുന്നള്ളിപ്പു നടന്നു.
രാത്രിക്കാവടിയിൽ നാലു ദേശക്കാർ കാവടിയാടിയെത്തി. സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിനാളുകൾ ക്ഷേത്രപരിസത്തേക്ക് ഒഴുകിയെത്തി.
രാവിലെ നാലിന് പള്ളിയുണർത്തലിനു ശേഷം ചടങ്ങുകൾ ആരംഭിച്ചു. അഞ്ച് മുതൽ ആറു വരെ യോഗം കാവടിയാട്ടം, കൂർക്കഞ്ചേരി മുരുക സംഘത്തിന്റെ കർപ്പൂര ആരാധനയും തേരെഴുന്നള്ളിപ്പും ഉണ്ടായിരുന്നു. രാത്രി 11 മുതൽ ഭസ്മക്കാവടിയും ഉണ്ടായിരുന്നു. രാത്രി എട്ടിന് വെളിയന്നൂർ ഉത്സവ കമ്മിറ്റിയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി ഉടുക്കിൽ പാണ്ടിമേളം അരങ്ങേറി. 22 ന് രാത്രി അത്താഴപൂജയ്ക്ക് ശേഷം പള്ളിവേട്ടയ്ക്ക് പുറപ്പെടും. 23 ന് രാവിലെ 7.30ന് ക്ഷേത്രം തീർത്ഥക്കുളത്തിൽ ആറാട്ടും പത്തിന് കൊടിയിറക്കലും 11 ന് പ്രസാദ ഊട്ടും ഉണ്ടായിരിക്കും.