തൃശൂർ: രണ്ടുവർഷത്തിലേറെയായി ഒാടിയും ഇഴഞ്ഞും നടക്കുന്ന പാത നവീകരണം ഇൗ വർഷം പകുതിയോടെ പൂർത്തീകരിക്കാൻ ലക്ഷ്യമിടുമ്പോൾ, അറ്റകുറ്റപ്പണികളുടെ പേരിൽ സാധാരണജനം ആശ്രയിക്കുന്ന ട്രെയിനുകൾ ഏറെനേരം പാളങ്ങളിൽ കുടുങ്ങുന്നു. സാധാരണക്കാർ കയറുന്ന എക്‌സ്പ്രസ്, പാസഞ്ചർ ട്രെയിനുകളാണ് അധികവും പിടിച്ചിടുന്നത്. പ്രോട്ടോകോൾ സംവിധാനമെന്ന പേരിൽ അപ്രഖ്യാപിത പിടിച്ചിടലുകൾ രണ്ടുവർഷങ്ങളായി തുടരുകയാണ്.
സ്ഥിരമായി പോകുന്ന ജോലിക്കാർ അടക്കമുള്ള യാത്രക്കാരെ വെട്ടിലാക്കിയാണ് സൂപ്പർ ഫാസ്റ്റ് അടക്കമുള്ള ട്രെയിനുകൾക്കായി ഹ്രസ്വദൂര ട്രെയിനുകൾ പിടിച്ചിടുന്നത്. മണിക്കൂറുകൾ വൈകിയാണ് സ്റ്റേഷനുകളിൽ ട്രെയിനുകൾ എത്തുന്നത്. വള്ളത്തോൾ നഗർ മുതൽ ഇടപ്പള്ളി വരെയുള്ള റെയിൽപാതയിൽ നവീകരണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. പാളത്തിലെ സ്ലീപ്പറുകൾ മാറ്റുന്നതടക്കം പ്രവർത്തനങ്ങൾ ഇനിയും മേഖലയിൽ കഴിയാനുണ്ട്.
എന്നാൽ എറണാകുളം തൃശൂർ ഷൊർണ്ണുർ പാതയിൽ ട്രെയിൻയാത്രാ ക്ലേശത്തിന് ശമനമുണ്ട്. അനന്തമായി നീണ്ട അറ്റകുറ്റപ്പണി കഴിഞ്ഞില്ലെങ്കിലും നിലവിൽ ട്രെയിനുകളുടെ ഏറെനേരമുളള വൈകലില്ല. എന്നാൽ, പണി മുഴുവൻ അവസാനിക്കാത്തതിനാൽ സമയകൃത്യത വരുത്തുന്നതിന് ഇതുവരെ സാധിച്ചിട്ടില്ല. എറണാകുളം ഷൊർണ്ണൂർ റൂട്ടിൽ മണിക്കൂറുകൾ നീണ്ട ട്രെയിൻ പിടിച്ചിടൽ വല്ലാതെ കുറഞ്ഞിട്ടുണ്ട്. എന്നാൽ അങ്കമാലി, കളമശേരി, എടപ്പിള്ളി സ്റ്റേഷനുകളോട് ചേർന്ന് യാർഡുകളുടെ നവീകരണവും ശാക്തീകരണവും തെക്കോട്ടുള്ള ട്രെയിനുകളുടെ യാത്രയെ ബാധിക്കുന്നുണ്ട്. രാത്രി 10ന് ശേഷം നടക്കുന്ന യാർഡ് പ്രവർത്തനങ്ങളുടെ ഭാഗമായി ഗുരുവായൂർ എഗ്മോർ എക്‌സ്പ്രസ് അടക്കം യാത്രയെ ബാധിക്കുന്നുണ്ട്.
പാലരുവിക്ക് സ്റ്റോപ്പുകൾ സ്ഥിരപ്പെടുത്തിയില്ല
പാലരുവി എക്‌സ്പ്രസിന് കൂടുതൽ സ്റ്റോപ്പ് അനുവദിച്ച നടപടി സ്ഥിരപ്പെടുത്തണമെന്ന ആവശ്യത്തിന് ഇനിയും പച്ചക്കൊടി നൽകാൻ റെയിൽപവേ തയ്യാറായിട്ടില്ല.
തിരുനെൽവേലി പാലക്കാട് പാലരുവി എക്‌സ്പ്രസിന് അങ്കമാലി,ചാലക്കുടി, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി, എന്നിവിടങ്ങളിൽ താൽക്കാലിക സ്റ്റോപ്പ് ആരംഭിച്ചിരുന്നു ഈ നടപടി സ്ഥിരപെടുത്തണമെന്ന് യാത്രക്കാർ ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. താൽക്കാലിക സ്റ്റോപ്പ് അനുവദിച്ച നടപടി അവസാനിക്കുമ്പോഴും സ്റ്റോപ്പുകൾ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല. സി.എൻ. ജയദേവൻ എം.പി. ഇടപ്പെട്ടാണ് താത്കാലിക സ്റ്റോപ്പ് അനുവദിക്കാൻ നടപടി സ്വീകരിച്ചത്. തെക്ക് നിന്ന് തൃശൂരിൽ വന്ന് മടങ്ങിയിരുന്ന സ്ഥിരം യാത്രക്കാർക്കും തൃശൂരിൽ നിന്ന് തെക്കൻ ജില്ലകളിലേക്ക് പോകുന്നവർക്കും ഏറെ പ്രയോജനപ്രദമാകും വിധം പാലരുവി എക്‌സ്പ്രസിന് കൂടുതൽ സ്റ്റോപ്പുകൾ അനിവാര്യമാണെന്നാണ് യാത്രക്കാരുടെ ആവശ്യം.
കോച്ചുകളും അനുവദിക്കണം
അമൃത എക്സ്പ്രസിന് 24 കോച്ചുകളും രാജ്യറാണിക്ക് 15 കോച്ചുകളും അനുവദിക്കണം. സമയക്രമം തിരുത്തണം. കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കണം.
- പി.കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി, തൃശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ