തൃശൂർ: എൽ.പി, യു.പി അദ്ധ്യാപകരുടെ പുതിയ പി.എസ്.സി റാങ്ക് പട്ടിക നിലവിൽ വന്നെങ്കിലും നിയമനം നിയമക്കുരുക്കിലായി. അദ്ധ്യാപക ഒഴിവുകൾ നികത്താൻ 2014ൽ പി.എസ്.സി അപേക്ഷ ക്ഷണിച്ചെങ്കിലും ഇതുവരെ നിയമനം യാഥാർത്ഥ്യമായിട്ടില്ല. പ്രൈമറി തലത്തിൽ 250 ഒഴിവുകൾ ജില്ലയിലുണ്ട്. തൊട്ടടുത്ത മലപ്പുറം ജില്ലയിൽ ഒഴിവുകളുടെ എണ്ണം 1500ന് അടുത്താണ്. സംസ്ഥാനത്ത് ഏഴായിരത്തോളം ഒഴിവുകളുണ്ട്. കൂടുതൽ അദ്ധ്യാപകർ മാർച്ചിൽ റിട്ടയർ ചെയ്യുന്നതിനാൽ ഒഴിവുകളുടെ എണ്ണം ഇനിയും വർദ്ധിക്കും. ഇംഗ്‌ളീഷ് മീഡിയം ആരംഭിച്ച സർക്കാർ സ്കൂളുകളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ വർഷം തസ്തിക നിർണയത്തിന് ശേഷവും ജില്ലയിൽ അദ്ധ്യാപക തസ്തികകളുടെ എണ്ണം വർദ്ധിച്ചിരുന്നു.
183 ഒഴിവായിരുന്നു എൽ.പി. വിഭാഗത്തിലുണ്ടായിരുന്നത്. ആദ്യം നിലവിൽ വന്ന എൽ.പി റാങ്ക് പട്ടികയിൽ നിന്ന് 99 ഒഴിവുകൾ പി.എസ്.സി നികത്തി. ഇതിനിടയിലാണ് കെ.ടെറ്റുമായി ബന്ധപ്പെട്ട നിയമക്കുരുക്ക് ഉണ്ടായത്. കേസ് ഉടൻ പരിഹരിച്ചില്ലെങ്കിൽ പുതിയ റാങ്ക് പട്ടിക നോക്കുകുത്തിയാക്കി അടുത്ത അദ്ധ്യയന വർഷവും താത്കാലിക നിയമനം നടത്തേണ്ടി വരുമെന്ന് ഉദ്യോഗാർത്ഥികൾ പരാതിപ്പെടുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ യഥാസമയം സത്യവാങ്മൂലം നൽകാൻ സർക്കാർ വൈകിയതാണ് കേസ് നീണ്ടുപോകാൻ കാരണം.
ഉദ്യോഗാർത്ഥികളുടെ നിരന്തരമായ സമ്മർദ്ദത്തിനൊടുവിൽ കഴിഞ്ഞ ദിവസം സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. കേസ് അടുത്ത മാസം 12നാണ് ഇനി പരിഗണിക്കുക. കെടെറ്റ് യോഗ്യതയുള്ളവരെ മാത്രമേ അദ്ധ്യാപകരായി നിയമിക്കാൻ പാടുള്ളുവെന്ന ഒരു കൂട്ടം ഉദ്യോഗാർത്ഥികളുടെ വാദമാണ് നിയമക്കുരുക്കിന് കാരണം.
കെടെറ്റുമായി കേസിനു പോയ ഉദ്യോഗാർത്ഥികളിൽ ഭൂരിഭാഗം പേരും പുതിയ പട്ടികയിലുണ്ട്. ഇടം തേടാൻ കഴിയാതെ പോയ നാമമാത്രമായവരാണ് കേസുമായി മുന്നോട്ടുപോകുന്നത്. പട്ടികയിൽ ഇടം തേടാൻ പോലും കഴിയാത്തവർ കെടെറ്റിന്റെ പേരിൽ കേസ് നടത്തുന്നതിൽ എന്തു യുക്തിയാണുള്ളതെന്ന് ഉദ്യോഗാർത്ഥികൾ ചോദിക്കുന്നു. എയ്‌ഡഡ് മേഖലയിൽ 2019 മാർച്ച്‌വരെ കെടെറ്റ് യോഗ്യത നേടാൻ സർക്കാർ അദ്ധ്യാപർക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
പരിശീലനം ലഭിക്കാത്ത താത്കാലികക്കാർ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമെന്ന ലക്ഷ്യം പൂർത്തികരിക്കാൻ താത്കാലിക അദ്ധ്യാപകർ പ്രാപ്തരല്ല. സ്ഥിരാദ്ധ്യാപകരെ പോലെ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്താൻ താത്കാലിക അദ്ധ്യാപകർക്ക് കഴിയാത്തതാണ് കാരണം. ഓരോ അദ്ധ്യയന വർഷാരംഭത്തിന് മുമ്പ് സ്ഥിരാദ്ധ്യാപകർക്കായി പ്രത്യേക പരിശീലനങ്ങൾ നടത്താറുണ്ട്. അദ്ധ്യാപകരുടെ പാഠ്യമികവുയർത്താൻ ഇതു സഹായകമാണ്. താത്കാലിക അദ്ധ്യാപകർക്ക് ഇത്തരം പരിശീലനങ്ങൾ ലഭിക്കുന്നില്ല.
പ്രൈമറി തലത്തിൽ തൃശൂർ ജില്ലയിൽ 250 ഒഴിവുകൾ
മലപ്പുറം ജില്ലയിൽ ഒഴിവുകളുടെ എണ്ണം 1500 ഓളം
സംസ്ഥാനത്താകെ ഒഴിവുകളുടെ എണ്ണം 7000ത്തോളം