തൃശൂർ: കേരളത്തിൽ പട്ടയം ലഭിക്കാത്തവരായി ഒരു ലക്ഷത്തോളം പേർ മാത്രമാണുള്ളതെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു.
ജില്ലാ പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
രണ്ടു ലക്ഷത്തോളം പേർക്കാണ് പട്ടയം ലഭിക്കാനുണ്ടായിരുന്നത്. ഇതിൽ ഒരു ലക്ഷത്തോളം പേർക്ക് പട്ടയം നൽകിക്കഴിഞ്ഞു. ഇടുക്കിയിൽ വിതരണം നടത്തുന്നതോടെ ഒരു ലക്ഷം പട്ടയവിതരണം പൂർത്തിയാകും. ബാക്കി അർഹതപ്പെട്ട മുഴുവൻ മലയോര കർഷകർക്കം പട്ടയം നൽകും. വനഭൂമി, പുറമ്പോക്ക്, സുനാമി പുനരധിവാസ പട്ടയങ്ങൾ ഉൾപ്പെടെ തൃശൂർ ജില്ലയിൽ 9032 പട്ടയങ്ങളാണ് വിതരണം ചെയ്തത്. പട്ടയം ലഭിക്കാത്തതിന്റെ എല്ലാ സാങ്കേതിക തടസങ്ങളും നീക്കി എല്ലാവർക്കും പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പത്തൊമ്പതിനായിരം പേർക്കാണ് നേരത്തെ എൽ.ഡി.എഫ് സർക്കാർ പട്ടയം നൽകിയിരുന്നത്. ഇപ്പോൾ ലഭിച്ചവർക്കും നേരത്തെ ലഭിച്ചവർക്കും ഇനി ലഭിക്കാനുള്ളവർക്കും പട്ടയം കാലങ്ങൾക്കു മുൻപേ ലഭിക്കേണ്ടതായിരുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തിൽ 83 ലക്ഷം പേരാണ് ഭൂമിയുടെ ഉടമകളായിട്ടുള്ളത്ത്. ഇത്തരത്തിൽ ഭൂ ഉടമകളുള്ള വേറെ ഒരു സംസ്ഥാനവും ഇന്ത്യയിലില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പല ബുദ്ധിമുട്ടുകളുണ്ടായിട്ടും അർഹതപ്പെട്ടവർക്ക് പട്ടയം നൽകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയ ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരെ മന്ത്രി നേരിട്ട് അഭിനന്ദിച്ചു. ഓഖി, നിപ്പ, പ്രളയം തുടങ്ങിയ ദുരന്തങ്ങളുണ്ടായിട്ടും പട്ടയം നൽകുന്നതിനുള്ള നടപടികൾ നല്ല രീതിയിൽ പൂർത്തിയാക്കിയ റവന്യൂ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥർ സംഭരിച്ച നാലു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ ഉപയോഗിച്ച് പ്രളയത്തിൽ വീടുനഷ്ടപ്പെട്ട ഒരാൾക്ക് സ്‌നേഹഭവനം നിർമിച്ചുകൊടുക്കുമെന്നും മന്ത്രി പറഞ്ഞു.
കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എ.സി.മൊയ്തീൻ, സി.രവീന്ദ്രനാഥ്, സി.എൻ.ജയദേവൻ എം.പി, എം.എൽ.എമാരായ കെ.രാജൻ, കെ.വി.അബ്ദുൾഖാദർ, ബി.ഡി.ദേവസി, ഇ.ടി.ടൈസൺ മാസ്റ്റർ, മേയർ അജിത വിജയൻ, കളക്ടർ ടി.വി.അനുപമ, എ.ഡി.എം സി.ലതിക എന്നിവരും പങ്കെടുത്തു.