തൃശൂർ: വ്യത്യസ്ത ശൈലിയോടെയുള്ള അവതരണ രീതിയും വർണ്ണക്കാഴ്ചകളും അരങ്ങിനെ വിസ്മയിപ്പിക്കുന്ന ദ്രുത ചലനങ്ങളുമായി ജലദേവതകളുടെ നൃത്തം ഇറ്റ്‌ഫോക്കിൽ കാണികളുടെ മനസ് കീഴടക്കാനെത്തുന്നു. വിയറ്റ്‌നാമിൽ നിന്നുമെത്തുന്ന 'ജലപാവകളി'യാണ് അന്താരാഷ്ട്ര നാടകോത്സവത്തിലെ അവതരണങ്ങളിൽ വ്യത്യസ്തമാർന്ന ഒരിനം.

പതിനൊന്നാം നൂറ്റാണ്ടിൽ വിയറ്റ്‌നാമിലെ 'റെഡ് റിവർ ഡെൽട്ട' പ്രദേശത്ത് ആരംഭിച്ച ഈ പാവനാടകത്തിൽ ഏറ്റവും പ്രശസ്തരായ താങ്ങലോംഗ് വാട്ടർ പപ്പെറററി തിയേറ്ററാണ് 22, 23 തീയതികളിൽ തുറസ്സരങ്ങിലെത്തുന്നത്. വിയറ്റ്‌നാമീസ് നാടോടി പാട്ടിന്റെയും കവിതയുടെയും പിൻബലത്തിൽ അവതരിപ്പിക്കപ്പെടുന്ന പാവകളി വിയറ്റ്‌നാമീസ് ജനതയുടെ കൊയ്ത്തുത്സവത്തിന്റെ ഭാഗമായ ഒന്നാണ്. വിവിധ വർണങ്ങളിൽ തീർത്ത ഏകദേശം പതിനഞ്ചുകിലോ ഭാരമുള്ള മരപ്പാവകൾ ജലാശയത്തിനു മുകളിലൂടെ പ്രകടനം കാഴ്ചവയ്ക്കുന്ന രീതിയാണ് ജലപാവകളിയുടെത്.

ക്ഷേത്രപരിസരത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന മുളയാൽ തീർത്ത കർട്ടനു പിറകിൽ നിന്ന് നീളമുള്ള മുളയും നൂലും ഉപയോഗിച്ച് ജലവിതാനത്തിനടിയിൽ നിന്നാണ് ഈ പാവകളെ നിയന്ത്രിക്കുന്നത്. വിയറ്റ്‌നാമീസ് ജനതയുടെ പ്രധാന ഭക്ഷണമായ നെല്ല് ഉത്പാദിക്കപ്പെടുന്ന കൃഷിയിടങ്ങളോടു ചേർന്നുള്ള കുളങ്ങളിൽ പരമ്പരാഗതമായി അവതരിപ്പിക്കപ്പെട്ടിരുന്ന ഈ കലാരൂപം കാലാന്തരേ മാറ്റിവയ്ക്കാവുന്ന വാട്ടർ ടാങ്കുകളിലേക്ക് പരിവർത്തനപ്പെടുകയാണുണ്ടായത്.