ചാലക്കുടി: സർക്കാരിന്റെ നിർദ്ദേശ പ്രകാരം കാതിക്കുടത്ത് പുഴയിൽ നിന്നും എൻ.ജി.ഐ.എൽ കമ്പനിയിലേക്ക് വെള്ളം എടുക്കുന്ന പുഴയിലെ ചാൽ വൃത്തിയാക്കൽ തുടങ്ങി. ഇറിഗേഷൻ വകുപ്പാണ് പ്രവൃത്തികൾ നടത്തുന്നത്. പ്രതിഷേധിക്കാൻ എത്തിയ ഇരുപതോളം ആക്‌ഷൻ കൗൺസിൽ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
മുൻകരുതൽ എന്ന നിലയിൽ തിങ്കളാഴ്ച രാവിലെ ആക്‌ഷൻ കൗൺസിൽ കൺവീനർ കെ.എം. അനിൽകുമാറിനെ പൊലീസ് കസ്റ്റഡയിൽ എടിത്തിരുന്നു. ഇതിനിടെ പുഴയിൽ നിന്നും കമ്പനി വെള്ളമെടുക്കുന്നത് ചാലക്കുടി മുൻസിഫ് കോടതി താൽക്കാലികമായി വിലക്കിയിട്ടുണ്ട്. വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ തിരുവനന്തപുരത്ത് വിളിച്ചുകൂട്ടിയ സർവകക്ഷിയോഗത്തിലാണ് കമ്പനിക്ക് വെള്ളമെടുക്കുന്നതിന് തടമായ പുഴയിലെ മണൽത്തിട്ടകൾ മാറ്റുന്നതിന് തീരുമാനിച്ചത്. ജില്ലാ കളക്ടർ, പൊലീസ് മേധാവി എന്നിവരെ പ്രവർത്തനങ്ങൾക്ക് സംരക്ഷണം നൽകാൻ ചുമതലപ്പെടുത്തുകയും ചെയ്തു.
തിങ്കളാഴ്ച രാവിലെ വൻ പൊലീസ് കാവലിലാണ് പുഴയോരത്തെ ചാല് വൃത്തിയാക്കൽ ആരംഭിച്ചത്. സമരക്കാരെ തടയാൻ അര കിലോ മീറ്റർ ദൂരം മുതൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. പതിനൊന്ന് മണിയോടെ ജെയ്‌സൺ പാനിക്കുളങ്ങരയുടെ നേതൃത്വത്തിലായിരുന്നു കമ്പനിപ്പടിക്കൽ നിന്നും സമരസമിതി പ്രവർത്തകർ പ്രകടനം തുടങ്ങിയത്. പ്രകടനം നൂറുമീറ്റർ നീങ്ങിയപ്പോഴേക്കും എസ്.ഐ. ജയേഷ് ബാലന്റെ നേതൃത്വത്തിൽ പൊലീസ് തടഞ്ഞു. മുന്നോട്ടു നീങ്ങാൻ തുനിഞ്ഞ പ്രവർത്തകരെ ഉടനെ അറസ്റ്റ് ചെയ്തു. ഡിവൈ.എസ്.പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലാണ് പൊലീസ് സംഘം കാതിക്കുടത്ത് ക്യാമ്പ് ചെയ്യുന്നത്.