ചേർപ്പ്: വർണപൂക്കാവടികളും പീലിക്കാവടികളും നിറഞ്ഞാടി തായംകുളങ്ങര തൈപ്പൂയ മഹോത്സവം ഭക്തിനിർഭരമായി. തായംകുളങ്ങര കാവടി സമാജം, ബാലസംഘം കാവടി സംഘം, പടിഞ്ഞാറെ പെരുമ്പിള്ളിശേരി കാവടി സമാജം, ഊരകം ശ്രീ നാരായണ കാവടി സമാജം, ചേർപ്പ് കാവടി സമാജം എന്നീ സംഘങ്ങളുടെ കാവടിയാട്ടമാണ് തൈപ്പൂയ ദിവസം പകലും രാത്രിയും നടന്നത്. വിവിധ സംഘങ്ങളുടെ പഞ്ചവാദ്യം, നാദസ്വരം, ശിങ്കാരിമേളം, നാസിക് ഡോൾ, തെയ്യം, ബാൻഡ് സെറ്റ്, രഥഘോഷയാത്ര എന്നിവ ആഘോഷത്തിന് പൊലിമ കൂട്ടി. ക്ഷേത്രത്തിൽ വിവിധ തരം അഭിഷേകങ്ങൾ, വഴിപാടുകൾ എന്നിവ നടന്നു. 3 ഗജവീരൻമാരുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ്, പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം എന്നിവയുണ്ടായിരുന്നു. തൈപ്പൂയ ദിവസം ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്കുണ്ടായതായി ക്ഷേത്രം ട്രസ്റ്റിയും ഊരാളനും മായ അഡ്വ. സി.കെ. നാരായണൻ നമ്പൂതിരിപ്പാട് പറഞ്ഞു.