തൃശൂർ: പ്രമോഷൻ പോലുമില്ലാതെ വർഷങ്ങളായി ഒരേ തസ്തികയിൽ ജോലി ചെയ്യേണ്ട ഗതികേടിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരുടെ നിസഹകരണ സമരം മൂലം വില്ലേജ് ഓഫീസുകളുടെ താളം തെറ്റി.
ചുക്കിന് കഷായം പോലെ വില്ലേജ് ഓഫീസുകളിലെ എല്ലാ ജോലികൾക്കും വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാർ നോക്കിയിരുന്നു. ജീവനക്കാർ കുറവുള്ള ഓഫീസുകളിൽ ഫീൽഡ് അസിസ്റ്റന്റുമാരുടെ സേവനം ഗുണഭോക്താക്കൾക്ക് ഏറെ ഗുണകരമായിരുന്നു. തിരഞ്ഞെടുപ്പ് പരിശീലനം, പട്ടയമേള, പ്രളയ പുനരധിവാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിവിധ യോഗങ്ങളിൽ പങ്കെടുക്കാൻ വില്ലേജ് ഓഫീസർമാർ കൂടി കഴിഞ്ഞ ദിവസങ്ങളിൽ ഓഫീസ് വിട്ടൊഴിഞ്ഞതോടെ വിവിധ ആവശ്യങ്ങൾക്കായി എത്തിയ സാധാരണക്കാർ ദുരിതത്തിലായി.

ഫീൽഡ് അസിസ്റ്റന്റുമാരിൽ 50 ശതമാനം പേരെ വില്ലേജ് അസിസ്റ്റന്റുമാരായി സ്ഥാനക്കയറ്റം നൽകണമെന്ന് ആവശ്യപ്പെട്ട് ജനുവരി ഒന്നുമുതലാണ് സംസ്ഥാന വ്യാപകമായി വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാർ നിസ്സഹകരണ സമരം തുടങ്ങിയത്. വില്ലേജ് ഓഫീസുകളിൽ ഫീൽഡ് അസിസ്റ്റന്റുമാരുടെ രണ്ടുവീതം തസ്തികകളാണ് നിലവിലുള്ളത്. മുൻകാലങ്ങളെ അപേക്ഷിച്ച് വില്ലേജ് ഓഫീസിനെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുതലായതോടെയാണ് അസിസ്റ്റന്റുമാർ ജോലി സംരക്ഷണമാവശ്യപ്പെട്ട് നിസഹകരണവുമായി രംഗത്തെത്തിയത്.

പോക്കുവരവ്, വിവിധ തരം സർട്ടിഫിക്കറ്റുകൾ എന്നിവ ഓൺലൈൻ വഴി ലഭിക്കുമെങ്കിലും തണ്ടപ്പേർ സർട്ടിഫിക്കറ്റ്, ബാങ്ക് വായ്പയ്ക്കും മറ്റുമുള്ള സർട്ടിഫിക്കറ്റുകൾ, ലൊക്കേഷൻ സർട്ടിഫിക്കറ്റ്, ലൊക്കേഷൻ സ്‌കെച്ച്, സാക്ഷിപത്രങ്ങൾ എന്നിവയ്ക്ക് നേരിട്ട് വില്ലേജ് ഓഫീസിലെത്തണം.


1972ൽ ക്ലാസ് മൂന്ന് വിഭാഗത്തിൽപ്പെടുത്തിയ ഈ തസ്തികയുടെ കാറ്റഗറി മാറ്റിയിട്ടില്ല. 20 വർഷത്തിലേറെയായി ഇവർക്ക് സ്ഥാനക്കയറ്റം ലഭിച്ചിട്ടുമില്ല. ഇവരിന്ന് ചെയ്യുന്ന ജോലികൾക്ക് ആവശ്യമായ പരിശീലനങ്ങൾ ലഭിച്ചിട്ടുമില്ലെന്ന് നിസഹകരണ രംഗത്തുള്ള ജീവനക്കാർ പറയുന്നു.

കെട്ടിടങ്ങൾക്കുള്ള ഒറ്റത്തവണ നികുതി കണക്കാക്കൽ ഉൾപ്പെടെയുള്ളവയും മുടങ്ങി. ഇതോടെ സർക്കാർ ഖജനാവിലേക്കുള്ള പണമൊഴുക്കും നിലച്ചിരിക്കുകയാണ്.

 നിയമപരിരക്ഷയില്ല, ഇനി വയ്യെന്ന് ജീവനക്കാർ

ഏഴാം ക്ലാസും സൈക്കിൾ സവാരിയുമാണ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരുടെ യോഗ്യത. രണ്ടുവർഷം മുമ്പ് പത്താം ക്ലാസാക്കി മാറ്റി. വില്ലേജ് മാന്വൽ പ്രകാരം ഫീൽഡ് അസിസ്റ്റന്റുമാർ ഓഫീസിൽ നിന്ന് പിരിച്ചെടുക്കുന്ന നികുതി പണവും മറ്റും സർക്കാർ ഖജനാവിൽ അടയ്ക്കാൻ വില്ലേജ് ഓഫീസറെ സഹായിക്കുക, നോട്ടീസ് നൽകൽ, വില്ലേജ് ഓഫീസർമാർ പറയുന്ന മറ്റു ജോലികൾ എന്നിവയാണ് ചെയ്യേണ്ടത്.

ജീവനക്കാരുടെ അഭാവം മൂലം ക്‌ളാർക്കുമാർ ചെയ്യേണ്ട പല ജോലികളും തയ്യാറാക്കുന്നത് ഫീൽഡ് അസിസ്റ്റന്റുമാരാണ്. മാന്വലിൽ പറയാത്തതിനാൽ ഇവയ്ക്ക് നിയമപരിരക്ഷയില്ല. മാത്രമല്ല, അർഹമായ പ്രമോഷനുമില്ല. ഇതിനാൽ മാന്വലിൽ പറയുന്ന ജോലികൾ ചെയ്താൽ മതിയെന്ന തീരുമാനത്തിലാണ് നിസഹകരണ സമരം.