തൃശൂർ: തൃശൂരിൽ നടക്കുന്ന യുവമോർച്ച സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാൻ ഒരുക്കങ്ങൾ അവസാനഘട്ടത്തില്ലെന്ന് ഭാരാവാഹികൾ അറിയിച്ചു. യുവത്വം നരേന്ദ്രമോദിക്കൊപ്പം എന്ന മുദ്രാവാക്യവുമായി 25, 26, 27 തീയതികളിലാണ് യുവമോർച്ച സംസ്ഥാന സമ്മേളനം. 27 നാണ് പ്രധാനമന്ത്രി എത്തുന്നത്. സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് യുവമോർച്ച സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾക്ക് 23ന് തുടക്കമാകും. അഞ്ചിന് മൈതാനത്തിന്റെ കിഴക്ക് ഭാഗത്ത് നവോത്ഥാനത്തിന്റെ മാർക്‌സിസ്റ്റ് മാതൃക എന്ന വിഷയത്തിൽ വനിതാസെമിനാർ നടക്കും. സംസ്ഥാന വനിതാ കമ്മിഷൻ മുൻഅദ്ധ്യക്ഷ ഡോ. ജെ. പ്രമീളാദേവി ഉദ്ഘാടനം ചെയ്യും. 24ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സാംസ്‌കാരിക സദസിൽ സംവിധായകൻ അലി അക്ബർ പങ്കെടുക്കും.
25ന് പതാകജാഥ, കൊടിമരജാഥ, ബലിദാൻ ജ്യോതിജാഥ എന്നിവയുടെ സംഗമം നടക്കും. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. രഞ്ജിത്ത് ചന്ദ്രന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ബലിദാനി രാജേഷിന്റെ ബലികുടീരത്തിൽ നിന്ന് ആരംഭിക്കുന്ന കൊടിമരജാഥയും യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ മാസ്റ്ററുടെ നേതൃത്വത്തിൽ കെ.ടി. ജയകൃഷ്ണൻ മാസ്റ്ററുടെ വീട്ടിൽ നിന്ന് ആരംഭിക്കുന്ന പതാകജാഥയും യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പ്രകാശ് ബാബുവിന്റെ നേതൃത്വത്തിൽ ജില്ലയിലെ 51 ബലിദാനികളുടെ വീടുകളിലൂടെ പ്രയാണം നടത്തിയെത്തുന്ന ബലിദാൻ ജ്യോതിയാത്രയും വൈകീട്ട് അഞ്ചിന് വടക്കുന്നാഥക്ഷേത്ര മൈതാനിയിലെത്തും. തുടർന്ന് നടക്കുന്ന സമ്മേളനം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 26ന് രാവിലെ 10 മുതൽ പാറമേക്കാവ് സ്‌കൂളിൽ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം യുവമോർച്ച അഖിലേന്ത്യാ അദ്ധ്യക്ഷ പൂനം മഹാജൻ ഉദ്ഘാടനം ചെയ്യും.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള മുഖ്യപ്രഭാഷണം നടത്തും.
27ന് രണ്ടിന് രണ്ട് ലക്ഷം യുവാക്കൾ പങ്കെടുക്കുന്ന റാലിക്ക് ശേഷം തേക്കിൻകാട് മൈതാനിയിൽ നാലിന് നടക്കുന്ന പൊതുസമ്മേളനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ അഡ്വ. പ്രകാശ് ബാബു, അഡ്വ. കെ.ആർ. ഹരി, അനൂപ് ശങ്കർ എന്നിവർ പങ്കെടുത്തു.