തൃശൂർ: കാണികളുടെ ബാഹുല്യം നിമിത്തം 'ദ വെൽ' എന്ന ഇറാനിയൻ നാടകം അപ്രതീക്ഷിതമായി ഒരു അവതരണം കൂടി നടത്തി. ഫെസ്റ്റിവലിന്റെ മൂന്നാം ദിവസമായ ഇന്നലെയാണ് വീണ്ടും അരങ്ങേറിയത്.
ഫെസ്റ്റിവലിന്റെ ഉദ്ഘാടന ദിനത്തിൽ വൈകിട്ട് 8.30 നായിരുന്നു നാടകത്തിന്റെ ആദ്യ അവതരണം. തുടർന്നുള്ള ദിവസം രാവിലെ 11.30 നായിരുന്നു അടുത്ത വേദി. ഇന്നലെ രാവിലെ 11.30നുള്ള ഒരു അവതരണം കൂടിയായിരുന്നു മുൻനിശ്ചയ പ്രകാരം ഉണ്ടായിരുന്നത്. എന്നാൽ ഇന്നലെ രാവിലെ പത്ത് തന്നെ കാണികളുടെ വലിയ പ്രവാഹമായിരുന്നു അക്കാഡമി കാമ്പസ് സാക്ഷ്യം വഹിച്ചത്. ബ്ലാക് ബോക്‌സ് തിയറ്ററിനു ഉൾക്കൊള്ളാനാവുന്നതിനേക്കാൾ വളരെ വലുതായിരുന്നു നാടകം കാണാൻ എത്തിയവരുടെ എണ്ണം. പ്രേക്ഷകരുടെ ഈ ആവേശത്തിന് മുന്നിൽ അത്ഭുതപ്പെട്ട നാടക പ്രവർത്തകരും സംഘാടകരും ഉച്ചയ്ക്ക് ഒരു മണിക്ക് ഒരിക്കൽ കൂടി നാടകം അവതരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ഈ അവതരണവും നിറഞ്ഞ സദസിലായിരുന്നു അരങ്ങേറിയത്.
ഇറാനിലെ അബോൽഹസാനി തിയറ്ററിനു വേണ്ടി അബ്ബാസ് അബോൽഹസാനി സംവിധാനം ചെയ്ത നാടകമാണ് 'ദ വെൽ'. സ്വാതന്ത്ര്യവും സമത്വവും ജനങ്ങളുടെ അവകാശം ആണെന്ന് ഉറച്ചുവിശ്വസിച്ച് അതിനെ ആസ്പദമാക്കി പുസ്തകങ്ങൾ എഴുതുകയും അതിനു വേണ്ടി പോരാടുകയും ചെയ്യുന്ന ഖലീൽ എന്ന കഥാപാത്രത്തിന്റെയും അയാളുടെ പ്രിയതമയായ മറിയയുടെയും ജീവിതകഥയും, അവരുടെ പ്രണയത്തിന്റെ കഥയും, അവർ ജീവിക്കുന്ന സമൂഹത്തിലെ മതഭരണകൂടം കാരണം അവർ അനുഭവിക്കേണ്ടി വരുന്ന യാതനകളടേയും കഥയാണ് 'ദ വെൽ' പറയുന്നത്.