ഗുരുവായൂർ: ക്ഷേത്ര തിരുമുറ്റവും നഗരവും കൈയടക്കിയ ശ്വാനന്മാർ തീർത്ഥാടകർക്ക് ഭീഷണിയാകുന്നു. രാവും പകലും ഒരുപോലെ കറങ്ങിനടക്കുന്ന തെരുവ് നായ്ക്കൾ കുറേ മാസങ്ങളായി വലിയ ദുരിതമാണ് നൽകുന്നത്. ക്ഷേത്രനടപ്പുരയിൽ തെരുവുനായ്ക്കൾ സമാധാനം കെടുത്തുന്നുണ്ട്.
ദിനം പ്രതി ആയിരക്കണക്കിന് ഭക്തരെത്തുന്നിടത്ത് ഏത് സമയവും ആക്രമണത്തിന് ഇരയായേക്കാം എന്ന അവസ്ഥയാണ്. എന്നാൽ നഗരസഭയോ ദേവസ്വം അധികൃതരോ നടപടികളൊന്നും സ്വീകരിക്കുന്നില്ല. ഭക്തർക്കിടയിലൂടെ തെരുവ് നായ്ക്കൾ ഓടിക്കളിക്കുന്നത് സ്ഥിരം കാഴ്ചയാണ്. തെക്കേനടയിലെ ക്ഷേത്രമൈതാനിയിൽ തെരുവ് നായ്ക്കൾ കടികൂടുമ്പോൾ കുട്ടികൾ അടുത്തേക്ക് പോകുന്നതും രക്ഷിതാക്കളുടെ കണ്ണ് വെട്ടിച്ചെത്തുന്ന കുട്ടികളെ തെരുവ് നായ്ക്കൾ ആക്രമിക്കാൻ ശ്രമിക്കാറുമുണ്ട്.
ദർശനത്തിനായി ഭക്തർ വരിനിൽക്കുന്ന ഭാഗത്തും നായ്ക്കൾ അലഞ്ഞുതിരിയുന്നുണ്ട്. നായശല്യം മൂലം രാത്രിയിൽ നടപ്പന്തലിൽ ഭക്തർക്ക് ഉറങ്ങാനാകുന്നില്ലെന്നും പരാതിയുണ്ട്. തെരുവ് നായ്ക്കളെ കൊല്ലാൻ നിയമം അനുവദിക്കാത്തതിനാൽ നഗരസഭയ്ക്ക് നടപടിയെടുക്കാൻ കഴിയാത്ത അവസ്ഥയാണ്. എന്നാൽ തെരുവ് നായ്ക്കളുടെ വന്ധ്യംകരണ പദ്ധതികൾ തുടങ്ങാൻ ഇതുവരെയും കഴിഞ്ഞിട്ടുമില്ല.
പരിക്കേറ്റവരെല്ലാം അടുത്തുള്ള ചാവക്കാട് താലൂക്ക് ആശുപത്രിയെയാണ് ചികിത്സയ്ക്കായി ആശ്രയിക്കുന്നത്. സാധാരണ വാക്‌സിന്റെ കൂടെ നൽകേണ്ട ഇമ്മുനോ ഗ്ലോബുലിൻ പോലുള്ള കുത്തിവയ്പ് ഇവിടെ ഇല്ലാത്തതിനാൽ പലപ്പോഴും തൃശൂർ മെഡിക്കൽ കോളേജിലേക്ക് പോകേണ്ടിവരും. ഗുരുവായൂർ തെക്കേനടയിൽ ദേവസ്വം മെഡിക്കൽ സെന്റർ ഉണ്ടെങ്കിലും ആവശ്യമായ ചികിത്സാസൗകര്യമില്ല. ക്ഷേത്ര പരിസരത്ത് തെരുവുനായ്ക്കളുടെ ആക്രമണം വർദ്ധിച്ചതു കണക്കിലെടുത്തെങ്കിലും ദേവസ്വം മെഡിക്കൽ സെന്ററിൽ അടിയന്തര ചികിത്സാസൗകര്യം ഒരുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
പെരുകുന്ന തെരുവ്‌നായ്ക്കളെ നിയന്ത്രിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ കടിയേൽക്കുന്നവരുടെ എണ്ണം വർദ്ധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. ക്ഷേത്രം നടപ്പന്തലുകളിലും പരിസരത്തെ കച്ചവട സ്ഥാപനങ്ങളുടെ വരാന്തകളും ദർശനത്തിനെത്തുന്നവർ പാർക്ക് ചെയ്ത് പോകുന്ന വാഹനങ്ങളുടെ അടിയിലുമാണ് നായ്ക്കളുടെ കിടപ്പ്. തെരുവ്‌നായ്ക്കളെ നിയന്ത്രിക്കാൻ നഗരസഭയും ദേവസ്വവും ഒത്തൊരുമിച്ച് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ഭക്തജന സംഘടനകളും ആവശ്യപ്പെടുന്നത്.
ആക്രമണചരിതം
കഴിഞ്ഞ രണ്ട് മാസത്തിനിടെ കടിയേറ്റത് മുപ്പതോളം പേർക്ക്
കഴിഞ്ഞ ദിവസം ക്ഷേത്ര പരിസരത്ത് 3പേർക്ക് കടിയേറ്റു
14 ന് ഇരിങ്ങപ്പുറത്ത് നാല് പേർക്കും ഒരു ആടിനും കടിയേറ്റു
ഡിസം. 21ന് മമ്മിയൂർ ക്ഷേത്രത്തിന് മുന്നിലെ ഹോട്ടലുടമയ്ക്ക് കടിയേറ്റു
ചൂൽപ്പുറത്ത് പത്തോളം പേർക്കും വളർത്തുമൃഗങ്ങൾക്കും നേരെ ആക്രമണം
തൊഴിയൂരിൽ പിഞ്ച് കുഞ്ഞിനടക്കം നാല് പേർക്കും കടിയേറ്റു
നവം. 23ന് താമരയൂരിൽ ഏഴ് പേർക്കെതിരെ തെരുവ് നായയുടെ ആക്രമണം