തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശൂർ സന്ദർശനം സംബന്ധിച്ച ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനുളള ആലോചനായോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. കളക്ടർ ടി.വി. അനുപമയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സുരക്ഷാ ക്രമീകരണങ്ങൾ, മുന്നൊരുക്കങ്ങൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്തു. 27നാണ് പ്രധാനമന്ത്രി തൃശൂരിലെത്തുന്നത്. വൈകീട്ട് നാലോടെ കുട്ടനെല്ലൂർ ഹെലിപാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രി തേക്കിൻകാട് മൈതാനത്തെ പരിപാടിക്കു ശേഷം 5.15 ന് തിരിച്ച് പോകും. ആലോചനാ യോഗത്തിൽ ഐ.ജി: എം.ആർ. അജിത്കുമാർ, സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര, റൂറൽ എസ്.പി: പുഷ്‌കരൻ, മേയർ അജിത വിജയൻ, ആർ.ഡി.ഒമാരായ ഡോ. റെജിൽ, പി.കെ. സാനു, വിവിധ വകുപ്പുദ്യോഗസ്ഥർ, സംഘാടകർ എന്നിവർ പങ്കെടുത്തു.