തൃശൂർ: സംസ്ഥാന വ്യാപകമായി പൊലീസ് സ്റ്റേഷനുകളിൽ വിജിലൻസ് നടത്തുന്ന പരിശോധനയുടെ ഭാഗമായി ജില്ലയിലെ മൂന്നു പൊലീസ് സ്റ്റേഷനുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന നടന്നു. തൃശൂർ ഈസ്റ്റ്, ചാവക്കാട്, പുതുക്കാട് പൊലീസ് സ്റ്റേഷനുകളിലാണ് തൃശൂർ വിജിലൻസ് ഡിവൈ.എസ്.പി: മാത്യു ജെ. കല്ലിക്കാട്ടിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
ഓപറേഷൻ തണ്ടർ എന്ന പേരിലാണ് പരിശോധന. പൊലീസുകാർക്കുള്ള മാഫിയാ ബന്ധം സംബന്ധിച്ച് വ്യാപക പരാതി ഉയർന്നിരുന്നു. എന്നാൽ പരിശധനയിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം ഫയലുകൾ കൃത്യമായി സൂക്ഷിക്കുന്നതിൽ വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ട്. പരിശോധനാ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറും.