തൃശൂർ: പ്രളയാനന്തര ഭരണ സ്തംഭനത്തിനെതിരെയും വിശ്വാസികളെ വഞ്ചിച്ച നടപടിയിലും പ്രതിഷേധിച്ച് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് ഉപരോധിച്ചു. കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശബരിമലയിലെ പ്രശ്നപരിഹാരത്തിന് നിയമനിർമ്മാണത്തിന് കേന്ദ്രം തയ്യാറായാൽ കോൺഗ്രസ് അതിനെ പിന്താങ്ങുമെന്ന് കെ. മുരളീധരൻ പറഞ്ഞു. ശബരിമല പ്രശ്‌നം പരിഹരിക്കാൻ കഴിയുക ഇന്ന് ബി.ജെ.പിക്ക് മാത്രമാണെന്നും മുരളീധരൻ പറഞ്ഞു.
എല്ലാം ശരിയാക്കാം എന്നു പറഞ്ഞ് അധികാരത്തിലേറിയ എൽ.ഡി.എഫ് ഭരണം എല്ലാവരെയും ശരിയാക്കിയതായി മുരളീധരൻ പരിഹസിച്ചു. ഇപ്പോൾ സ്വാമി അയ്യപ്പനെയും ശരിയാക്കി.
ശബരിമല പ്രശ്‌നത്തിൽ ഭരണത്തിന്റെ തണലിൽ സി.പി.എം തന്നെ സംസ്ഥാനത്ത് അക്രമത്തിന് നേതൃത്വം നൽകിയതായും മുരളീധരൻ ആരോപിച്ചു.
കേരള വികസന കുതിപ്പിന് എൽ.ഡി.എഫ് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രളയ ദുരിതാശ്വാസ ഫണ്ട് സ്വന്തം പാർട്ടിക്കാർക്കും ബന്ധപ്പെട്ടവർക്കുമായി സർക്കാർ ധൂർത്തടിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു. ആയിരക്കണക്കിന് യു.ഡി.എഫ് പ്രവർത്തകരുടെ ഉപരോധത്തിൽ കളക്ടറേറ്റ് പ്രവർത്തനം സ്തംഭിച്ചു. രാവിലെ എട്ടര മുതൽ തന്നെ കളക്ടറേറ്റിന്റെ മുന്നിലെ രണ്ടു ഗേറ്റുകളും തടസ്സപ്പെടുത്തി ഉപരോധം തുടങ്ങിയിരുന്നു. ഉപരോധസമരം നേരിടാൻ വൻ പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.
യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കെ.ആർ. ഗിരിജൻ സ്വാഗതം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ടി.എൻ. പ്രതാപൻ, അനിൽ അക്കര എം.എൽ.എ, അഡ്വ. തോമസ് ഉണ്ണിയാടൻ, സി.എ. റഷീദ്, ജോസഫ് കുരിയൻ, പി.ആർ. നമ്പീശൻ, മാർട്ടിൻ പോൾ, അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ, പി.എ. മാധവൻ, ഒ. അബ്ദുൾ റഹ്മാൻകുട്ടി, എം.പി. ജാക്‌സൺ, കെ.എസ്. ഹംസ, സി.എച്ച്. മുഹമ്മദ് റഷീദ്, സി.വി. കുരുയാക്കോസ്, സെബാസ്റ്റ്യൻ ചൂണ്ടൽ തുടങ്ങിയവർ നേതൃത്വം നൽകി.