തൃശൂർ: പീച്ചിഡാമിൽ രണ്ടുതവണ മത്സ്യം ചത്തുപൊങ്ങിയതിന് പിന്നാലെ കോൾപ്പടവുകളിൽ മത്സ്യങ്ങൾക്ക് വ്രണം അടക്കം രോഗങ്ങൾ കണ്ടെത്തിയതിൽ ആശങ്ക. പ്രളയശേഷമാണ് രോഗങ്ങൾ കണ്ടുതുടങ്ങിയത്. കോൾ കായലുകളിൽ കൂടുതലായി വരാൽ, കരിമീൻ, കരിപ്പിടി, ആരാൽ, മുഷു, മുണ്ടത്തി, പള്ളത്തി, പിലോപ്പി അടക്കമുള്ള മത്സ്യങ്ങളിൽ രോഗങ്ങൾ കാണുന്നു.

വളർത്തുമത്സ്യങ്ങളായ റോഹു, കട്‌ല തുടങ്ങിയ മത്സ്യങ്ങളിലും മുറിവുണ്ട്. വലിയ മത്സ്യങ്ങൾക്ക് ആഴത്തിലുള്ള മുറിവാണുള്ളത്. തലയിലും ചെകിളയിലുമാണ് വലിയ മത്സ്യങ്ങൾക്ക് മുറിവുള്ളത്. ഒപ്പം മുറുവിനുള്ളൽ കറുത്തതരത്തിലുള്ള വസ്തുവും കാണുന്നുണ്ട്. പള്ളത്തി അടക്കം ചെറിയ മത്സ്യങ്ങൾക്ക് വിവിധ ഇടങ്ങളിൽ മുറിവുകൾ കാണപ്പെടുന്നുണ്ട്. ഇതിൽ നിന്നും ദ്രവരൂപത്തിലുള്ള വസ്തു ഒഴുകുന്നുമുണ്ട്.

പാലയ്ക്കൽ കോൾപ്പടവിൽ എതാനും ദിവസം മുമ്പ് കണ്ടെത്തിയ മത്സ്യങ്ങളെ ഫിഷറീസ് വകുപ്പ് പരിശോധനയ്ക്ക് അയച്ചു. പരിശോധനാഫലം വന്നതിന് ശേഷമേ ഇത് സംബന്ധിച്ചു പറയാനാകൂ എന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ മത്സ്യങ്ങളിൽ കാണപ്പെടുന്ന അർബുദമാണെന്ന അഭിപ്രായമാണ് മത്സ്യത്തൊഴിലാളികൾക്കുള്ളത്. ഇതിന് സാദ്ധ്യതയുണ്ടെങ്കിലും പരിശോധനാഫലം വന്നശേഷമേ പറയാനാകൂവെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.

ഉൾനാടൻ മത്സ്യബന്ധനത്തിന് ഭീഷണി
ഉൾനാടൻ മത്സ്യസമ്പത്തിന് ഏറെ ഭീഷണി ഉയർത്തുന്നതാണ് രോഗപ്പടർച്ച. എന്നാൽ മത്സ്യക്കൃഷി വിളവെടുപ്പിന്റെ പ്രാകൃതരീതിയും രോഗകാരണമായി പറയുന്നുണ്ട്. ദ്രവരൂപത്തിലുള്ള രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് ആഴത്തിൽ മുറിവേൽപ്പിച്ച് മത്സ്യങ്ങളെ കൂട്ടത്തോടെ പിടികൂടുന്ന രീതിയുണ്ട്. ഏക്കർ കണക്കിനുള്ള കോൾപടവിൽ വിവിധ ഭാഗങ്ങളിൽ ഒളിച്ചുനിൽക്കുന്ന മത്സ്യങ്ങളെ കൂട്ടത്തോടെ പിടിച്ചെടുക്കാൻ വിഷമടങ്ങിയ ദ്രവം കലക്കുകയാണ് പതിവ്. നാടൻമത്സ്യങ്ങളുടെ നിലനിൽപ്പിന് ഭീഷണിയും വളർത്തുമത്സ്യങ്ങളുടെ അനാരോഗ്യകരമായ അവസ്ഥയ്ക്കും ഇത് കാരണമാകും. കൂടാതെ നാടൻ മത്സ്യങ്ങളെ വളർത്തുമത്സ്യങ്ങളിൽ നിന്നും അകറ്റാനുള്ള മരുന്നുപ്രയോഗവും ദോഷകരമാണ്.

കടൽ മത്സ്യത്തിനും ക്ഷാമം
കടൽ മത്സ്യത്തിന്റെ ലഭ്യതക്കുറവ് മത്സ്യത്തൊഴിലാളികളെയും ആശങ്കയിലാക്കുന്നു. മീനുകൾ കുറഞ്ഞതോടെ വില വർദ്ധിക്കുകയാണ്. വിദേശ മത്സ്യബന്ധന ബോട്ടുകളുടെ കടന്നുകയറ്റമാണ് മത്സ്യലഭ്യതക്കുറവിന് കാരണം. വലിയ ബോട്ടുകൾ അശാസ്ത്രീയമായി ചെറിയ കണ്ണിവല ഉപയോഗിക്കുന്നതായി തൊഴിലാളികൾ ആരോപിക്കുന്നു. കൂടാതെ ചരക്കുകപ്പലുകൾ തീരത്തുനിന്ന് നിശ്ചിത അകലം പാലിക്കാതെ കടന്നുപോകുന്നതും മത്സ്യബന്ധനത്തെ ബാധിച്ചിട്ടുണ്ട്. എന്നാൽ ഇതിനെതിരെ സർക്കാരോ ഫിഷറീസ് വകുപ്പോ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. ചെറുമീനുകളായ മാന്തൾ, അയല തുടങ്ങിയ മത്സ്യങ്ങൾക്കും കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് രണ്ടിരട്ടി വില കൂടി.