എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്ത് പാഴിയോട്ടുമുറി പാടശേഖരത്തിലെ നെൽക്കൃഷി വ്യാപകമായി ഉണങ്ങൽ ഭീഷണിയിൽ. 100 ഏക്കറോളം വരുന്ന നെൽക്കൃഷിയാണ് രൂക്ഷമായ വരൾച്ചമൂലം ഉണങ്ങി നശിക്കുന്നത്. പ്രളയത്തെ തുടർന്ന് വിരിപ്പു കൃഷിക്ക് കനത്ത സാമ്പത്തിക നഷ്ടം നേരിട്ട സാഹചര്യത്തിലാണ് കർഷകർ വരൾച്ചയുടെ പിടിയിലമർന്നിരിക്കുന്നത്.
വിളഞ്ഞ് പാകമാകാറായ പാടശേഖരങ്ങൾ വെള്ളം ലഭിക്കാതെ വിണ്ട് കീറിയ നിലയിലാണ്. തുടർച്ചയായുള്ള നാശനഷ്ടങ്ങൾ സാധാരണക്കാരായ കർഷകരെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കൃഷി നാശം കൃഷി ഓഫീസിലും, പഞ്ചായത്ത് ഓഫീസിലും പരാതിപ്പെട്ടിട്ടും നടപടിയെടുക്കാൻ വിസമ്മതിക്കുകയാണുണ്ടായതെന്ന് കർഷകർ പറഞ്ഞു. കർഷകരുടെ ദുരവസ്ഥ മനസിലാക്കി വരൾച്ചയെ നേരിടാനുള്ള സംവിധാനം അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാക്കിത്തരണമെന്ന് പാടശേഖര സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
അതേ സമയം കർഷകർ ഉന്നയിക്കുന്ന ആരോപണങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് രമണി രാജൻ, കൃഷി ഓഫീസർ കെ. ബിന്ദു എന്നിവർ പറഞ്ഞു. പ്രളയത്തിൽ കൃഷി നശിച്ച കർഷകർക്ക് 26 ലക്ഷം രൂപയും വിള ഇൻഷ്വറൻസായി 56 ലക്ഷം രൂപയും നൽകിയിട്ടുണ്ട്. കൂടാതെ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തി പാഴിയോട്ടു മുറി പാടശേഖരത്തിൽ നാശനഷ്ടങ്ങളൊന്നും ഇല്ലെന്ന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പാടശേഖരങ്ങളിൽ നൂറുമേനി വിളവുണ്ടായിട്ടുണ്ടെന്നും കൊയ്ത്ത് നടന്നുകൊണ്ടിരിക്കുകയാണെെന്നും പ്രസിഡന്റ് രമണി രാജൻ പറഞ്ഞു.