കൊടുങ്ങല്ലൂർ: 38-ാം ദേശീയ സബ് ജൂനിയർ ബാൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് കൊടുങ്ങല്ലൂരിലെ ഗുരുശ്രീ പബ്ളിക് സ്കൂളിൽ തുടക്കം. മിക്‌സഡ് ഡബിൾസ്, ഡബിൾസ് ഇനങ്ങളിലാണ് പ്രാരംഭ മത്സരങ്ങൾ നടന്നത്. രണ്ടിലും ആതിഥേയർക്കായിരുന്നു വിജയം. രണ്ട് സംസ്ഥാനങ്ങളിൽ നിന്നൊഴികെ, 26 സംസ്ഥാനങ്ങളിൽ നിന്നുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകളാണ് ഗുരുശ്രീ പബ്ളിക് സ്കൂളിലെ മൈതാനത്ത് സജ്ജമാക്കിയ ഏഴ് കോർട്ടുകളിലായി മാറ്റുരയ്ക്കുന്നത്. അഞ്ച് ദിവസം നീളുന്ന ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം ബാൾ ബാഡ്മിന്റൺ അഖിലേന്ത്യ സെക്രട്ടറി രാജ റാവു നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ബാബു ജോസഫിന്റെ അദ്ധ്യക്ഷതയിൽ അഖിലേന്ത്യ വൈസ് പ്രസിഡന്റ് സുരേഷ് ബോംഗഡെ, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഏഴിലരശൻ, സംസ്ഥാന സെക്രട്ടറി എസ്. ഗോപകുമാർ, സ്വാഗതസംഘം ചെയർമാൻ. സി.സി. വിപിൻ ചന്ദ്രൻ, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം വി.പി. പവിത്രൻ, ഗുരുശ്രീ പബ്ളിക് സ്കൂൾ മാനേജർ സി.ഐ. സംഗമേശൻ മാസ്റ്റർ, നഗരസഭാ കൗൺസിലർമാരായ ഇ.സി. അശോകൻ, ഒ.എൻ. ജയദേവൻ, സുമ നാരായണൻ, കവിത മധു, വിനിത മണി ലാൽ, സ്കൂൾ പ്രിൻസിപ്പൽ ശ്രീജ കിഷോർ, ജനറൽ കൺവീനർ ഡോ. ടി.ആർ. കിഷോർ കുമാർ എന്നിവർ സംസാരിച്ചു. ആദ്യ ദിനത്തിലെ മത്സരത്തിനൊടുവിൽ മത്സര വേദിയായ ഗുരുശ്രീ പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.