തൃശൂർ: നഴ്‌സ് ആൻലിയയുടെ ദുരൂഹ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം ഭർത്താവ് മുല്ലശേരി അന്നകര സ്വദേശി വി.എം. ജസ്റ്റിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. ഇന്നലെ കസ്റ്റഡിയിൽ വാങ്ങിയ ജസ്റ്റിനുമൊത്ത് അന്വേഷണ സംഘം അന്നകരയിലെ വീട്ടിലെത്തിയാണ് അന്വേഷണത്തിൽ സഹായകമെന്ന് കരുതുന്ന മൊബൈൽ ഫോൺ കസ്റ്റിഡിയിലെടുത്തത്. വീട്ടിൽ നിന്നും ചില രേഖകളും ശേഖരിച്ചിട്ടുണ്ട്.


ജസ്റ്റിൻ നേരിട്ട് കൊലപ്പെടുത്തിയെന്നതിന് അന്വേഷണ സംഘത്തിന് വ്യക്തമായ തെളിവ് ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം കൊലയ്ക്ക് പിന്നിൽ ഇയാളുടെ പ്രേരണയും പങ്കും ഉണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഇന്നും കൂടി ജസ്റ്റിനെ വിശദമായി ചോദ്യം ചെയ്ത ശേഷം നാളെ കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ ആഗസ്റ്റ് 25ന് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കാണാതായ ആൻലിയയുടെ മൃതദേഹം 28ന് ആലുവയ്ക്കടുത്ത് പുഴയിലാണ് കണ്ടെത്തിയത്. മരണം ആത്മഹത്യയാക്കി മാറ്റാൻ തുടക്കം മുതലേ നീക്കമുണ്ടായെന്നായിരുന്നു ആരോപണം. ലോക്കൽ പൊലീസിന്റെ അന്വേഷണം വഴിമാറുന്നുവെന്ന് ആരോപിച്ച് ആൻലിയയുടെ പിതാവ് ഫോർട്ട്‌ കൊച്ചി നസ്രേത്ത് പാറയ്ക്കൽ ഹൈജിനസ് ഡി.ജി.പിക്ക് പരാതി നൽകിയെങ്കിലും കാര്യമുണ്ടായില്ല. ഇതേത്തുടർന്ന് പിതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്.

ശനിയാഴ്ച ക്രൈംബ്രാഞ്ചിന് അന്വേഷണച്ചുമതല കൈമാറിയ വാർത്ത പുറത്തുവന്നതോടെ ആൻലിയയുടെ ഭർത്താവ് മുല്ലശേരി അന്നകര സ്വദേശി ജസ്റ്റിൻ (29) ചാവക്കാട് കോടതിയിൽ കീഴടങ്ങുകയായിരുന്നു. മുൻകൂർ ജാമ്യമെടുക്കാനുള്ള ശ്രമം പാളി. വിയ്യൂർ ജയിലിൽ കഴിഞ്ഞ ജസ്റ്റിനെ ഇന്നലെയാണ് രണ്ടു ദിവസത്തേക്കായി കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

ശനിയാഴ്ച ജസ്റ്റിൻ കീഴടങ്ങിയതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിന് തിങ്കളാഴ്ച രാവിലെ തന്നെ ആൻലിയയുടെ പിതാവും ബന്ധുവും സുഹൃത്തുക്കളും ചാവക്കാട്ടെത്തിയിരുന്നു. ക്രൈംബ്രാഞ്ചിന് കേസ് അന്വേഷണം മാറ്റിയതോടെ താൻ മാത്രമല്ല കുടുംബാംഗങ്ങളായ നാലുപേരും ഇവർക്കൊപ്പമുള്ള ഒരു സഹവികാരിയും കേസിൽ അകപ്പെടുമെന്നുള്ള ഭീതിയിൽ അന്വേഷണം വഴിതിരിക്കാനാണ് ജസ്റ്റിൻ സ്വയം കീഴടങ്ങിയതെന്ന് പിതാവ് ഹൈജിനസ് പറയുന്നു.

മകളുടെ മരണം ആത്മഹത്യയാക്കാനാണ് ഭർത്താവും ബന്ധുക്കളും ശ്രമിച്ചത്. മകളുടെ ദുരൂഹമരണത്തിൽ ജസ്റ്റിൻ മാത്രമല്ല, അയാളുടെ മാതാപിതാക്കളും സഹോദരനും ഭാര്യയും വികാരിയും കുറ്റക്കാരാണെന്ന് ഹൈജിനസ് ആരോപിച്ചു. അവർക്കെതിരെയുള്ള തെളിവുകൾ പിതാവ് പൊലീസിന് നൽകിയിട്ടുണ്ട്.