ചാലക്കുടി: കൈക്കൂലിക്കേസിൽ ചാലക്കുടിയിലെ ജി.എസ്.ടി ഓഫീസ് സൂപ്രണ്ടിനെ സ.ബി.ഐ അറസ്റ്റ് ചെയ്തു. സൂപ്രണ്ട് നടത്തറ കൈനൂർ വീട്ടിൽ കണ്ണൻ (45) എന്നയാളാണ് അറസ്റ്റിലായത്. സൗത്ത് ജംഗ്ഷനിലെ ഗോകുലം കാറ്ററിംഗ് ഉടമ സത്യനിൽ നിന്നും ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നഗരത്തിലെ പ്രമുഖ ഹോട്ടലിൽ വച്ചാണ് ഇയാൾ സി.ബി.ഐയുടെ പിടിയിലായത്. തനിക്ക് പണം വേണമെന്ന് ആവശ്യപ്പെട്ട് കാറ്ററിംഗ് ഉടമെയ നിരന്തരം ഭീണിപ്പെടുത്തിയിരുന്നു. ഒടുവിൽ പണം നൽകാമെന്ന് സമ്മതിച്ച ഉടമ വിവരം സി.ബി.ഐയെ അറിയിക്കുകയായിരുന്നു.
15 ലക്ഷം രൂപയുടെ ജി.എസ്.ടി അടയ്ക്കണമെന്നാണ് ഇയാൾ ഉടമയോട് നിർദ്ദേശിച്ചിരുന്നത്. ഇതിൽ നിന്നും ഒഴിവാക്കുന്നതിന് അഞ്ചു ലക്ഷം രൂപ നൽകിയാൽ മതിയെന്നും വാഗ്ദ്ധാനം ചെയ്തു. എന്നാൽ രണ്ടു ലക്ഷം രൂപ നൽകാമെന്ന് കാറ്ററിംഗ് ഉടമ സമ്മതിച്ചു. ഇതുപ്രകാരം കൊരട്ടിയിൽ വച്ച് പണം നൽകാമെന്നായിരുന്നു ഉടമ്പടി. എന്നാൽ വൈകീട്ട് അഞ്ചോടെ ഉടമയെ ഫോണിൽ വിളിച്ച സൂപ്രണ്ട് ചാലക്കുടി റെയിൽവേ സ്റ്റേഷൻ റോഡിലുള്ള ഹോട്ടലിൽ എത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതിനകം വിവരം മുൻകൂട്ടി അറിയിച്ചതിനെ തുടർന്ന് എറണാകുളം വിംഗിൽ നിന്നും എത്തിയ സി.ബി.ഐ ഉദ്യോഗസ്ഥർ ഹോട്ടൽ പരിസരത്ത് തമ്പടിച്ചു. കൈക്കൂലിയിലെ ആദ്യം ഗഡുവായ ഒരു ലക്ഷം രൂപ കൈമാറുമ്പോൾ സൂപ്രണ്ടിനെ കൈയ്യോടെ പിടികൂടുകയായിരുന്നു.