തൃശൂർ: മാർക്‌സിസവും നവോത്ഥാനവും ഹിമാലയത്തിലെ കൊടുംചൂട് എന്ന് പറയുന്നതുപോലെ അസംഭവ്യമാണെന്ന് സംസ്ഥാന വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷ ഡോ. ജെ. പ്രമീള പറഞ്ഞു. തൃശൂരിൽ നടക്കുന്ന യുവമോർച്ച സംസ്ഥാനത്തിന് മുന്നോടിയായി നവോത്ഥാനത്തിന്റെ മാർക്‌സിസ്റ്റ് മാതൃക എന്ന വിഷയത്തിൽ സംഘടിപ്പിച്ച വനിതാ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
മാർക്‌സിസം മുന്നോട്ട് വയ്ക്കുന്ന നവോത്ഥാനം സ്ത്രീകളുടെ വേഷപ്രച്ഛന്നതയാണ്. കനകദുർഗയെയും ബിന്ദുവിനെയും വാഗ്ദാനങ്ങൾ നൽകി പ്രീണിപ്പിച്ച് സർക്കാർ ആചാരലംഘനത്തിനുള്ള ഇരകളാക്കുകയായിരുന്നു. ഇത് അവർക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ട്രാൻസ്‌ജെൻഡേഴ്‌സാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അവരെ സന്നിധാനത്തെത്തിച്ചത്. ഇത് ഇവരുടെ സ്ത്രീത്വത്തിനേറ്റ ഏറ്റവും വലിയ പരാജയമാണ്. ആത്മാഭിമാനത്തോടെ തന്റെ വ്യക്തിത്വം നിലനിറുത്തിക്കൊണ്ട് ജീവിക്കാനും പോരാടാനും കഴിയുമ്പോഴാണ് നവോത്ഥാനം എന്ന് പറയുന്നതെന്നും അവർ പറഞ്ഞു.
പ്രൊഫ. ടി.എൻ. സരസു മുഖ്യപ്രഭാഷണം നടത്തി. ഗർഭിണിയായിരിക്കുമ്പോൾ സി.പി.എംകാരുടെ ചവിട്ടേറ്റ് പീഡനം അനുഭവിച്ച ജോൽസ്‌ന സിബി തുടങ്ങി മാർക്‌സിസ്റ്റ് ക്രൂരതയ്ക്കിരയായ നിരവധി വനിതകൾ തങ്ങളുടെ അനുഭവം പങ്കുവച്ചു. മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. നിവേദിത, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. സമ്പൂർണ്ണ, അവിണിശേരി പഞ്ചായത്ത് പ്രസിഡന്റ് സൂര്യഷോബി എന്നിവർ സംസാരിച്ചു. അഡ്വ. ഒ.എം. ശാലീന സെമിനാർ നിയന്ത്രിച്ചു.