തൃശൂർ: സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം നടപ്പാക്കുന്ന വിഷയത്തിൽ സർക്കാർ, പ്രത്യേകിച്ച് തൊഴിൽ വകുപ്പ് വീഴ്ച വരുത്തുന്നുവെന്ന് എ.ഐ.ടി.യു.സി. മിനിമം വേതനം നടപ്പാക്കാത്ത മാനേജ്‌മെന്റുകൾക്കെതിരെ നടപടിയെടുക്കാനുള്ള സർക്കാരിന്റെ അധികാരം തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ നിയമപരമായി നീങ്ങണമെന്നും പ്രൈവറ്റ് ഹോസ്‌പിറ്റൽ ആൻഡ് ഫാർമസി വർക്കേഴ്‌സ് യൂണിയൻ പ്രസിഡന്റ് എ.എൻ. രാജൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

മിനിമം വേതന വിജ്ഞാപനം കഴിഞ്ഞ ഏപ്രിൽ 23ന് ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. 2017 ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തോടെ നടപ്പാക്കാനായിരുന്നു ഉത്തരവ്. എന്നാൽ, ജില്ലയിൽ ഏതാനും ആശുപത്രികളിൽ മാത്രമാണ് വേതനം പുതുക്കിയത്. പല ആശുപത്രികളും ഭാഗികമായി നടപ്പാക്കിയപ്പോൾ ചിലത് ഒന്നും ചെയ്തില്ല. ഈ അനാസ്ഥക്കെതിരായ പ്രക്ഷോഭത്തിന് 27ന് തൃശൂർ സി.പി.ഐ ഓഫീസിൽ ചേരുന്ന യൂണിയൻ ജില്ലാ വാർഷിക സമ്മേളനം പരിപാടി തയാറാക്കുമെന്ന് എ.എൻ. രാജൻ അറിയിച്ചു.

സമ്മേളനം രാവിലെ പത്തിന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിന് 'സ്വകാര്യ ആശുപത്രി മേഖലയിലെ പ്രശ്‌നങ്ങളും പ്രതിസന്ധികളും' സെമിനാർ സി.എൻ. ജയദേവൻ എം.പി. ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സോഫി തിലകൻ, ജോയിന്റ് സെക്രട്ടറിമാരായ എൻ.ആർ. രാഗേഷ്, അലീന ജോസ് എന്നിവരും പെങ്കടുത്തു.