​​​​മാള​: മാള ​അരവിന്ദന് സ്മാരകം​ നിർമ്മിക്കുമെന്ന പ്രഖ്യാപനം നാലാം ചരമ വാർഷിക ദിനത്തോട് അടുക്കുമ്പോഴും പാഴ്‌വാക്കായി നിലനിൽക്കുന്നു. ഈ വരുന്ന 28നാണ് ​മാളയുടെ സ്വന്തം അരവിന്ദന്റെ ചരമവാർഷിക ദിനം. കഴിഞ്ഞ ബഡ്ജറ്റിലും സ്മാരകത്തിന്നായി സർക്കാർ ഒരു കോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ സ്മാരകം നിർമ്മിക്കുന്നതിനായി പഞ്ചായത്ത് സ്ഥലം കണ്ടെത്തി നൽകാത്തതിനാൽ മുന്നോട്ടു പോയില്ല.

കഴിഞ്ഞ മൂന്നു വർമായി സ്മാരകം നിർമ്മിക്കണമെന്ന ആവശ്യമായി മാള അരവിന്ദൻ ഫൗണ്ടേഷൻ, അധികൃതർക്ക് കത്ത് നൽകു​ന്നുണ്ട്​. മാള ഗ്രാമ പഞ്ചായത്ത് ബസ് സ്റ്റാൻഡിനെങ്കിലും അരവിന്ദന്റെ പേരിടണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ യാതൊരു നടപടി ഉണ്ടായില്ല. ബസ് സ്റ്റാൻഡിന് മറ്റൊരു നേതാവിന്റെ പേര് നൽകാനുള്ള അലോചന​യുണ്ടെന്നും സൂചനയുണ്ട്.

വലിയപറമ്പി​ൽ ​ സ്മാരകം നിർമ്മിക്കാൻ ​ആലോചിച്ചിരുന്നെങ്കിലും നടന്നില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്തും മാള അരവിന്ദന് സ്മാരകം നിർമ്മിക്കാൻ ബഡ്ജറ്റിൽ തുക വകയിരുത്തിയിരുന്നു. മുസരീസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി മാള കടവിനെ മാള അരവിന്ദൻ ചരിത്രകലാസ്മാരക കടവ് എന്ന് നാമകരണം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് മാള അരവിന്ദൻ ഫൗണ്ടേഷൻ സെക്രട്ടറി ഷാന്റി ജോസഫ് തട്ടകത്ത് എം.എൽ.എയ്ക്കും പഞ്ചായത്തിനും കത്ത് നൽകിയിട്ടുണ്ട്.​ ഈ വർഷം മാള പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മാള അരവിന്ദൻ നാടകോത്സവം ​നടത്താനുള്ള സാദ്ധ്യതയും വിരളമാണ്.

പ്രളയത്തെ തുടർന്ന് നവകേരള സൃഷ്ടിയുടെ ഭാഗമായി ബഡ്ജറ്റിൽ മാറ്റം വരുത്തിയതാണ് നാടകോത്സവത്തിന് തിരിച്ചടിയായത്. ഈ വർഷം നടകോത്സവത്തിനായി മാള പഞ്ചായത്ത് അഞ്ച് ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് രണ്ട് ലക്ഷവും ജില്ലാ പഞ്ചായത്ത് ഒരു ലക്ഷവും വകയിരുത്തിയിരുന്നു​. എന്നാൽ അടുത്ത സാമ്പത്തിക വർഷത്തേക്ക് മാള പഞ്ചായത്ത് നാടകോത്സവത്തിനായി തുക വകയിരുത്തിയിട്ടുണ്ട്.​ മാള അരവിന്ദന് സ്മാരകം നിർമ്മിക്കുമെന്ന ഉറപ്പുകൾ പാഴ്‌വാക്കായി എന്നും നിലനിൽക്കുന്നതിൽ പ്രതിഷേധം ഉയരുന്നുണ്ട്.​