തൃശൂർ: സമൂഹം വേദനിക്കുമ്പോഴും വ്യക്തികൾ അസ്വസ്ഥരാകുമ്പോഴും കുടുംബങ്ങൾ നിരാശയിൽപ്പെട്ട് ഉഴലുമ്പോഴും ഡോ. സുകുമാർ അഴീക്കോടിനെ എല്ലാവരും അറിയാതെ ഓർത്തുപോകുമെന്ന് അബ്ദുസമദ് സമദാനി. കേരള സാഹിത്യ അക്കാഡമി, ഡോ. സുകുമാർ അഴീക്കോട് ഫൗണ്ടേഷന്റെ സഹകരണത്തോടെ എരവിമംഗലത്തുള്ള സ്മാരകമന്ദിരത്തിൽ നടത്തിയ സമ്മേളനത്തിൽ അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതം മതമായി നിലനിന്നാൽ സമൂഹത്തിനു കുഴപ്പമില്ലെന്നും എന്നാൽ മതമൂല്യങ്ങൾ നഷ്ടപ്പെട്ട കാലമാണിത്. മനുഷ്യൻ മനുഷ്യനായി നിലനിൽക്കുന്നത് കരുണയും സഹാനുഭൂതിയും ഉണ്ടാകുമ്പോഴാണെന്നും അദ്ദേഹം പറഞ്ഞു. കെ. രാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ ഫണ്ടിൽ നിന്നും സർക്കാർ അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് സ്മാരകത്തെ കൂടുതൽ അർത്ഥവത്താക്കിമാറ്റുമെന്നും അദ്ദേഹം പറഞ്ഞു. അക്കാഡമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ അദ്ധ്യക്ഷനായി. പ്രൊഫ. പി.എ. വാസുദേവൻ മുഖ്യപ്രഭാഷണം നടത്തി. അക്കാഡമി അംഗം ഡോ. സി. രാവുണ്ണി, നടത്തറ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.ആർ. രജിത്ത്, വിജേഷ് എടക്കുന്നി, കെ. സുദർശനൻ, ഉഷ ഉണ്ണിക്കൃഷ്ണൻ, കെ. രാജൻ എന്നിവർ സംസാരിച്ചു.