കൊടുങ്ങല്ലൂർ: 38 -ാം ദേശീയ സബ് ജൂനിയർ ബാൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ മുന്നേറ്റം തുടരുന്നു. ആദ്യ ദിനത്തിൽ ഡബിൾസിലും മിക്സഡ് ഡബിൾസിലും വിജയം കണ്ട കേരളം ഇന്നലെ ഫൈവ്സ് ആരംഭിച്ചപ്പോഴും വിജയം ആവർത്തിച്ചു. പെൺകുട്ടികൾ കാശ്മീരിനെയും ഡൽഹിയെയും കീഴടക്കി, രണ്ട് മത്സരങ്ങൾ വിജയിച്ചു. ആൺകുട്ടികൾ മഹാരാഷ്ട്രയെ കീഴ്പ്പെടുത്തി. ഇന്നലെ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന് പുറമെ പശ്ചിമ ബംഗാൾ, തമിഴ്നാട്, ഹരിയാന എന്നിവരും ആൺകുട്ടികളുടെ വിഭാഗത്തിൽ മണിപ്പൂർ, ജമ്മു കാശ്മീർ എന്നിവരും വിജയിച്ചു. ഇന്നത്തോടെ ലീഗ് മത്സരങ്ങൾ സമാപിക്കും. നാളെ മുതൽക്കാണ് ക്വാർട്ടർ പോരാട്ടം ആരംഭിക്കുക.

ദേശീയ സബ് ജൂനിയർ ബാൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിനെത്തിയിട്ടുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങൾ അണിചേർന്ന് ഇന്നലെ വൈകീട്ട് നഗരത്തിൽ സാംസ്കാരിക ഘോഷയാത്ര നടത്തി. താളമേളങ്ങളുടെയും തെയ്യത്തിന്റെയും അകമ്പടിയോടെ കൊടുങ്ങല്ലൂർ ടൗൺ ഹാളിൽ നിന്ന് ആരംഭിച്ച് മത്സരവേദിയായ പുല്ലൂറ്റ് ഗുരുശ്രീ പബ്ലിക് സ്കൂളിൽ സമാപിച്ചു.

ഘോഷയാത്രയ്ക്ക് സംഘാടക സമിതി ചെയർമാൻ സി.സി. വിപിൻ ചന്ദ്രൻ, കൗൺസിലർമാരായ ഇ.സി. അശോകൻ, ഒ.എൻ. ജയദേവൻ, സുമ നാരായണൻ, കവിത മധു, വിനിത മണിലാൽ, ബാൾ ബാഡ്മിന്റൺ സംസ്ഥാന പ്രസിഡന്റ് അഡ്വ. ബാബു ജോസഫ് എന്നിവർക്ക് പിറകിലായി അതത് സംസ്ഥാനങ്ങളുടെ പേരുകൾ രേഖപ്പെടുത്തിയ പ്ളക്കാർഡുകൾക്ക് പിറകിലായി ടീമംഗങ്ങളും ഒഫീഷ്യൽസും നടന്നു നീങ്ങി. ഘോഷയാത്രയെ ചാമ്പ്യൻഷിപ്പ് വേദിയുടെ കവാടത്തിൽ വച്ച് ഗുരുശ്രീ സ്കൂൾ പ്രിൻസിപ്പൽ ശ്രീജ കിഷോർ സ്വീകരിച്ചു. തുടർന്ന് നടന്ന സാംസ്കാരിക പരിപാടിയോട് അനുബന്ധിച്ച് കാലടി മന്ത്ര ഓർക്കസ്ട്ര അവതരിപ്പിച്ച മ്യൂസിക് നൈറ്റും നടന്നു.