തൃശൂർ : രാഷ്ട്രീയവിരോധത്താൽ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പ്രതികൾക്ക് 6 വർഷം 4 മാസം തടവും 15,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.
ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ഒല്ലൂർ അഞ്ചേരി മുണ്ടയ്ക്കൽ വീട്ടിൽ അഖിലിനെയും , സുഹൃത്തായ സ്റ്റൈജോവിനെയും ഇരുമ്പുപൈപ്പ് ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് ഒല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബി.ജെ.പി പ്രവർത്തകരായ ഒല്ലൂർ അഞ്ചേരി സ്വദേശികളായ പനമുക്ക് വീട്ടിൽ കണ്ണൻ എന്ന കൃഷ്ണകുമാർ, മങ്കുഴി വീട്ടിൽ നിത്യൻ എന്ന തന്തുരു, മങ്കുഴി വീട്ടിൽ സുജിത്ത്, കൊട്ടേക്കാട്ടിൽ അരുൺ എന്നിവരെയാണ് തൃശൂർ ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജ് സി. സൗന്ദരേഷ് ശിക്ഷിച്ചത്. പിഴയടക്കുന്ന പക്ഷം അതിൽ നിന്നും 30,000 രൂപ പരിക്കേറ്റവർക്ക് നൽകണം. പിഴയടക്കാത്ത പക്ഷം ഒരു വർഷം കൂടുതലായി തടവുശിക്ഷ അനുഭവിക്കണം. കേസിലെ അഞ്ചാം പ്രതിയായ മങ്കുഴി വീട്ടിൽ സജീഷ് ഇപ്പോഴും ഒളിവിലാണ്. 2012 ജനുവരി 25 ന് രാത്രി 12 ന് ആയിരുന്നു സംഭവം. പെരുവാംകുളങ്ങര അയ്യപ്പൻകാവ് ക്ഷേത്രത്തിലെ പൂരാഘോഷങ്ങൾ കാണാൻ സുഹൃത്തുക്കൾക്കൊപ്പം പോകുകയായിരുന്ന അഖിലിനെയും, സ്റ്റൈജോയെയും പ്രതികൾ തടഞ്ഞ് ഇരുമ്പു പൈപ്പുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. പ്രോസിക്യൂഷനായി പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.ബി. സുനിൽകുമാർ, അഡ്വ. പി.കെ. മുജീബ് എന്നിവർ ഹാജരായി...