health
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കാഞ്ഞാണിയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലം പരിശോധിക്കുന്നു.

മണലൂർ: കാഞ്ഞാണിയിൽ ആരോഗ്യ വകുപ്പ് അധികൃതർ നടത്തിയ രണ്ടാം ഘട്ട മിന്നൽ പരിശോധനയിൽ വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച്ചിരുന്ന ബേക്കറികൾക്കും ഹോട്ടലുകൾക്കുമെതിരെ പിഴ ചുമത്തി. അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങി പാർക്കുന്ന വൃത്തിഹീനമായ വാടക വീടും സമീപവാസികളുടെ പരാതിയെ തുടർന്ന് പരിശോധിച്ച് നടപടിയെടുത്തു. കഴിഞ്ഞ ആഴ്ചയാണ് കാഞ്ഞാണിയിൽ ഹോട്ടലുകളിൽ പഴകിയ ഭക്ഷണം വിതരണം ചെയ്യുന്നു എന്ന രഹസ്യവിവരത്തെ തുടർന്ന് പരിശോധന നടത്തി ഒരു ഹോട്ടൽ പൂട്ടിക്കുകയും രണ്ടെണ്ണത്തിനു നോട്ടീസ് നൽകുകയും ചെയ്തത്. തുടർന്ന് ഇന്നലെ ആരോഗ്യവകുപ്പ് സൂപ്പർവൈസർ കെ.ആർ. രാജന്റെ നേതൃത്വത്തിൽ കാഞ്ഞാണിയിലും പരിസര പ്രദേശങ്ങളിലും നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി സ്ഥാപനങ്ങൾ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നത് കണ്ടെത്തുകയും പിഴ ഈടാക്കുകയും ചെയ്തു.

കാഞ്ഞാണി ബസ് സ്റ്റാൻഡ് പരിസരത്തെ മൂന്ന് ബേക്കറികളിലും മൂന്ന് ഹോട്ടലുകളിലും പഴകിയ ഭക്ഷണ സാമഗ്രികൾ കണ്ടെത്തിയതിനെ തുടർന്ന് നോട്ടീസ് നൽകുകയും പിഴയീടാക്കുകയും ചെയ്തു. ഈ ബേക്കറികളിൽ നിന്ന് ജ്യൂസ് ഉണ്ടാക്കുന്നതിന് വേണ്ടി വച്ചിരുന്ന പഴകിയ ഓറഞ്ചും കേടുവന്ന ആപ്പിളും പിടിച്ചെടുത്തതായും മണലൂർ ഹെൽത്ത് ഇൻസ്പെക്ടർ ബിമൽ കുമാർ പറഞ്ഞു. ബസ് സ്റ്റാൻഡിന് സമീപത്തുള്ള ബേക്കറികളിൽ നിന്നും കാലാവധി കഴിഞ്ഞ പാക്കറ്റ് ഭക്ഷണങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഫ്രൂട്ട് സലാഡിനു വേണ്ടി ഉപയോഗിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ ചത്ത പാറ്റകളെയും കണ്ടെത്തി.

...................................................................

പരിശോധന ഇതര സംസ്ഥാന തൊഴിലാളികൾ പാർക്കുന്ന കെട്ടിടത്തിലും

കാഞ്ഞാണി - അന്തിക്കാട് റോഡിൽ ഇതര സംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന വാടക കെട്ടിടത്തിലും രഹസ്യവിവരത്തെ തുടർന്ന് ആരോഗ്യ വകുപ്പ് പരിശോധന നടത്തി. തികച്ചും വ്യത്തിഹീനമായ സാഹചര്യത്തിലാണ് മുപ്പത് പേരോളം താമസിച്ചിരുന്നത്. ഇവർക്ക് ഹെൽത്ത് കാർഡും മറ്റും ഇല്ലെന്ന് കണ്ടെത്തി. പരിസരമാകെ ദുർഗന്ധം വമിച്ച് മലിനജലം പരിസരത്തെ പറമ്പുകളിലേക്ക് ഒഴുക്കിവിടുകയാണെന്ന് പരിസരവാസികൾ പറഞ്ഞു. ഹാൻസ്, പാൻപരാഗ് തുടങ്ങിയവയുടെ ഒഴിഞ്ഞ പാക്കറ്റുകളും, മദ്യ കുപ്പികളും കൊണ്ട് നിറഞ്ഞ പ്രദേശമാണ്. പുറകുവശത്ത് റിംഗുകളിലാക്കി മാലിന്യങ്ങൾ കുന്നുകൂട്ടിയ നിലയിലായിരുന്നു. കെട്ടി കിടക്കുന്ന മലിന ജലത്തിൽ കൊതുകുകൾ മുട്ടയിട്ട് പെരുകുന്നതായും ഇതിനെതിരെ പരിസരവാസികൾ പ്രതിഷേധമുയർത്തുകയും ചെയ്തിരുന്നു. വൃത്തി ഹീനമായ രീതിയിൽ തൊഴിലാളികളെ താമസിപ്പിച്ച കെട്ടിടമുടമക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ രാജേഷ്, സജി, സ്വപ്ന തുടങ്ങിയവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.