തൃശൂർ : രണ്ടാം വട്ടം തൃശൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്ന വേദി വടക്കുന്നാഥ ക്ഷേത്രത്തിന്റെ തേക്കെഗോപുര നട മാതൃകയിൽ. നാൽപത് അടി നീളവും 30 അടി വീതിയും ഉള്ള വേദിയുടെ മുൻവശത്ത് നവോത്ഥാന നായകന്മാരായ ശങ്കരാചാര്യർ, സ്വാമി വിവേകാനന്ദൻ, ചട്ടമ്പി സ്വാമികൾ, ശ്രീനാരായണ ഗുരു, ഡോ. പൽപ്പു, വൈക്കം മുഹമ്മദ് മൗലവി, ചാവറ കുര്യേക്കോസ്, പണ്ഡിറ്റ് കറപ്പൻ, സഹോദരൻ അയ്യപ്പൻ, മാധവ്ജി ഉൾപ്പെടെ പതിനഞ്ചോളം പേരുടെ ഛായാചിത്രങ്ങളും തയ്യാറാക്കിയിട്ടുണ്ട്. വലതു വശത്ത് പ്രധാനമന്ത്രിയുടെയും ഇടത് വശത്ത് ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയാണ് സ്റ്റേജ് ഒരുക്കുന്നത്. നാൽപത് പേർക്കാണ് വേദിയിൽ ഇരിക്കാനാകുക. കഴിഞ്ഞ തവണ മോദി തൃശൂരിൽ എത്തിയപ്പോഴും വേദി തയ്യാറാക്കിയ യാഗ ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് വേദി ഒരുങ്ങുന്നത്. 15 ഓളം തൊഴിലാളികളാണ് ഇതിനായി പ്രവർത്തിക്കുന്നത്. എസ്.പി.ജിയുടെ കർശന മേൽനോട്ടത്തിലാണ് നിർമ്മാണം. സി.എം.എസ് സ്‌കൂളിന് മുന്നിലാണ് പ്രധാന കവാടം. 80 അടി നീളത്തിൽ അടൽജി നഗർ എന്ന് പേര് നൽകിയിട്ടുള്ള കവാടം ചാക്ക് കൊണ്ടാണ് പൂർത്തിയാക്കുന്നത്. മോദിയെ വരവേൽക്കാൻ നഗരം ദീപാലംകൃതമാക്കിയിട്ടുണ്ട്.