nelvayal-mannittu-nikathu
പന്നിത്തടത്ത് നെൽവയൽ മണ്ണിട്ട് നികത്തുന്നു

എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ഉൾപ്പെട്ട പന്നിത്തടത്ത് നിലം നികത്താനുള്ള ശ്രമം വില്ലേജ് ഓഫീസർ തടഞ്ഞു. തരിശിട്ട് കിടക്കുന്ന നെൽപ്പാടമാണ് സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്താൻ ശ്രമിച്ചത്. പുലർച്ചെയാണ് ടിപ്പർ ലോറികളിൽ പാടശേഖരത്തിൽ മണ്ണടിച്ചിരുന്നത്. നിയമവിരുദ്ധ പ്രവർത്തനത്തിന് അധികൃതർ കൂട്ടുനിൽക്കുന്നുവെന്നും ആരോപണം ഉയർന്നിരുന്നു.

അഖിലേന്ത്യാ കിസാൻ സഭ മണ്ഡലം കമ്മിറ്റി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കുന്നംകുളം ഡെപ്യൂട്ടി തഹസിൽദാർ സ്ഥലം സന്ദർശിക്കുകയും സ്റ്റോപ്പ് മെമ്മോ നൽകാൻ വില്ലേജ് ഓഫീസർക്ക് നിർദേശം നൽകുകയും ചെയ്തു. തുടർന്നാണ് വില്ലേജ് ഓഫീസർ നിലം നികത്തുന്നത് തടഞ്ഞ് നോട്ടീസ് നൽകിയത്.