priyan

തൃശൂർ (ചേർപ്പ്) : ചലച്ചിത്ര സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ പ്രിയനന്ദനന്റെ ശിരസിൽ ആർ.എസ്.എസ് പ്രവർത്തകൻ ചാണകവെള്ളം ഒഴിച്ചശേഷം മർദ്ദിച്ചു. പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. വല്ലച്ചിറ നടുവിൽ വീട്ടിൽ സരോവറാണ് (26) അറസ്റ്റിലായത്. ഇന്നലെ രാവിലെ വല്ലച്ചിറയിലെ വീട്ടിൽ നിന്ന് കടയിലേക്ക് പാൽ വാങ്ങാൻ പോകുമ്പോഴാണ് വഴിയിൽവച്ച് ആക്രമിച്ചത്. പിന്നിലൂടെ വന്ന് ശിരസിൽ ചാണകവെള്ളം ഒഴിച്ച ശേഷം പിൻകഴുത്തിൽ അടിക്കുകയായിരുന്നു. ചെവിക്ക് പരിക്കേറ്റ പ്രിയനന്ദനൻ ചേർപ്പ് ആശുപത്രിയിൽ ചികിത്സ തേടി.രാവിലെ എഴരയോടെയാണ് പ്രിയനന്ദനൻ സാധാരണ കടയിലേക്ക് പോകാറുള്ളത്. ഇന്നലെ ഒമ്പത് മണിയായി. ഈ സമയമത്രയും അക്രമി കാത്തു നിൽക്കുകയായിരുന്നുവെന്ന് പ്രിയനന്ദനൻ പറഞ്ഞു.

ആളുകൾ ഓടിക്കൂടിയപ്പോഴേക്കും അക്രമി ഓടി രക്ഷപ്പെട്ടു. ശബരിമല വിഷയത്തിൽ പ്രിയനന്ദനന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. ഉപയോഗിച്ച ഭാഷ മോശമാണെന്ന് ബോദ്ധ്യപ്പെട്ടതായി സമ്മതിച്ച് അടുത്ത ദിവസം പോസ്റ്റ് പിൻവലിച്ചിരുന്നു. എന്നാൽ ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ പ്രിയനന്ദനന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയിരുന്നു.