തൃശൂർ: പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി നഗരം പൂർണമായും പൊലീസിന്റെ നിയന്ത്രണത്തിലായി. അത്യാധുനിക സംവിധാനങ്ങളാൽ ഇന്നലെ മുതൽ കേന്ദ്ര സുരക്ഷാ ഏജൻസികളുടെ നിരീക്ഷണ വലയത്തിലാണ് നഗരവും സമീപ പ്രദേശങ്ങളും. എസ്.പി.ജി, എൻ.എസ്.ജി, കമാൻഡോ, തണ്ടർബോൾട്ട്, സ്‌ട്രൈക്കർഫോഴ്‌സ് സംഘവും നഗരത്തിൽ തമ്പടിച്ചു. ഗതാഗത നിയന്ത്രണവും, സുരക്ഷയും രണ്ട് സ്‌പെഷൽ എസ്.പിമാരുടെ നേതൃത്വത്തിൽ സജ്ജീകരിച്ച് നിയന്ത്രണമേറ്റെടുത്തു.
പ്രധാനമന്ത്രി കുട്ടനെല്ലൂർ ഹെലിപാഡിലിറങ്ങി റോഡു മാർഗമാണ് നായ്ക്കനാലിലെ പ്രത്യേകം തയ്യാറാക്കിയ വേദിയിലെത്തുക. നാളെ ഉച്ചയ്ക്ക് 12 മുതൽ നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും അന്ന് രാവിലെ മുതൽ പാർക്കിംഗ് അനുവദിക്കില്ല. ഇന്ന് രാവിലെ എട്ടിന് രാമവർമ്മപുരം ജില്ലാ സായുധ സേനയിൽ വച്ച് പൊലീസ് ഉദ്യോഗസ്ഥർക്കായി സുരക്ഷാ അവലോകനവും ചുമതലകളും വിശദീകരിക്കും. വി.വി.ഐ.പി വാഹനവ്യൂഹം കടന്നുപോകുന്ന റോഡിലും സമാന്തര റോഡിലും സുരക്ഷാ പരിശോധനയുടെ ഭാഗമായുള്ള ട്രയൽറൺ നടക്കും. ഇന്ന് ഉച്ചയ്ക്കാണ് ട്രയൽ റൺ. ഇതിനാൽ ഉച്ചമുതൽ നഗരത്തിൽ ഭാഗിക ഗതാഗത നിയന്ത്രണമുണ്ടാകും. നാളെ ഉച്ച മുതൽ പൂർണ്ണ വാഹന നിയന്ത്രണം ഏർപ്പെടുത്തും.
ഇവർ സുരക്ഷയൊരുക്കും
എസ്.പി - 6
ഡിവൈ.എസ്.പി 27
സർക്കിൾ ഇൻസ്‌പെക്ടർ 51
എസ്.ഐ 260
പൊലീസുദ്യോഗസ്ഥർ 2000
വനിത പൊലീസ് 100
ഷാഡോ പൊലീസ് (എണ്ണം പുറത്തുവിട്ടിട്ടില്ല)