തൃശൂർ: ഗവർണറെ കൊണ്ട് രാഷ്ട്രീയ പ്രസംഗം നടത്തിപ്പിച്ച് അദ്ദേഹത്തെയും നിയമസഭയെയും സർക്കാർ അപമാനിച്ചെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പത്രസമ്മേളത്തിൽ പറഞ്ഞു. ബഡ്ജറ്റ് സമ്മേളനത്തിലെ നയപ്രഖ്യാപനത്തിൽ വസ്തുതാവിരുദ്ധമായ രാഷ്ട്രീയ പ്രസംഗമാണ് സർക്കാർ നടത്തിയത്. പുത്തരിക്കണ്ടം മൈതാനത്താണ് രാഷ്ട്രീയ പ്രസംഗം നടത്തേണ്ടത്. നിയമസഭയല്ല അതിനുള്ള വേദി. ഗവർണറെ കൊണ്ട് നിയമസഭയിൽ രാഷ്ട്രീയ പ്രസംഗം നടത്തിപ്പിച്ചതിന് സി.പി.എം മറുപടി പറയണമെന്ന് വാർത്താസമ്മേളനത്തിൽ എം.ടി. രമേശ് ആവശ്യപ്പെട്ടു. സത്യവിരുദ്ധമായ കാര്യങ്ങളാണ് എഴുതി ഗവർണറെ കൊണ്ട് വായിപ്പിച്ചത്. ഗവർണർ പദവിയോട് സർക്കാർ കാണിച്ച അനാദരവാണിത്.
3,000 കോടിയുടെ ധനസഹായം കേരളത്തിന് നരേന്ദ്ര മോദി സർക്കാർ അനുവദിച്ചു. രാജ്യത്തെ മറ്റ് സംസ്ഥാനത്തേക്കാൾ കൂടുതലാണിത്. കേന്ദ്രം നൽകിയ തുക പോലും പിണറായി സർക്കാർ കൃത്യമായി ചെലവഴിച്ചിട്ടില്ല. കേന്ദ്ര വിരുദ്ധ രാഷ്ട്രീയം ആടിത്തീർക്കാൻ ജനങ്ങളുടെ ചെലവിൽ നിയമസഭയെ ഉപയോഗിക്കരുത്. നിയമസഭയെ അപമാനിച്ച് ഗവർണർ പദവിയോട് അനാദരവ് കാട്ടിയ സർക്കാർ നടപടിയിൽ ബി.ജെ.പി ശക്തമായി പ്രതിഷേധിക്കുന്നതായും എം.ടി. രമേശ് പറഞ്ഞു.
നരേന്ദ്ര മോദിക്കെതിരെ രാജ്യവ്യാപകമായുണ്ടാകുന്ന സഖ്യം കേരളത്തിലുണ്ടാക്കാമോയെന്ന് കോൺഗ്രസും സി.പി.എമ്മും വ്യക്തമാക്കണം. ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ, ബി.ജെ.പി തൃശൂർ ജില്ലാ പ്രസിഡന്റ് എ. നാഗേഷ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു....