ചാവക്കാട്: പുത്തൻകടപ്പുറത്ത് പട്ടയം കാത്ത് വർഷങ്ങളായി പുറമ്പോക്കിൽ വീട് വച്ച് കഴിയുന്ന കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള റവന്യു അധികൃതരുടെ നടപടി അവസാനിപ്പിക്കാൻ നഗരസഭ ഇടപെടണമെന്ന് ചാവക്കാട് നഗരസഭാ കൗൺസിൽ യോഗത്തിൽ മുസ്‌ലിം ലീഗ് പ്രതിനിധി ടി.എ. ഹാരിസ് ആവശ്യപ്പെട്ടു.

നഗരസഭാ ഒന്നാം വാർഡിൽ തിരുവത്ര പുത്തൻ കടപ്പുറം മുനവർ പള്ളിയുടെയും തീരദേശ റോഡിന്റെയും മദ്ധ്യേ താമസിക്കുന്ന പതിനാറോളം വീട്ടുകാർക്കാണ് അനധികൃതമായി വീട് നിർമ്മിച്ചെന്ന് ആരോപിച്ച് ചാവക്കാട് താലൂക്കിൽ നിന്നും നോട്ടീസ് അയച്ചത്. മുപ്പതിലേറെ വർഷമായി മേഖലയിൽ താമസിക്കുന്ന ഈ വിഭാഗത്തിന് 2000ൽ താൻ അംഗമായിരിക്കുമ്പോഴാണ് വൈദ്യുതിയും വീട്ടുനമ്പറും നഗരസഭയുടെ അംഗീകാരത്തോടെ ലഭ്യമാക്കിയത് എന്ന് ഹാരിസ് അറിയിച്ചു.

റവന്യൂ അധികൃതരുടെ നടപടിയിൽ നഗരസഭയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ചെയർമാൻ എൻ.കെ. അക്ബർ അറിയിച്ചു. വൈസ് ചെയർപേഴ്‌സൻ മഞ്ജുഷ സുരേഷ്, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ എം.ബി. രാജലക്ഷ്മി, എ.സി. ആനന്ദൻ, എ.എ. മഹേന്ദ്രൻ, കെ.എച്ച്. സലാം, പ്രതിപക്ഷ നേതാവായ കെ.കെ. കാർത്യായനി, കൗൺസിലർമാരായ പി.എ. സലാം, പീറ്റർ പാലയൂർ, സൈസൻ മാറോക്കി, പി.ഐ. വിശ്വംഭരൻ, പി.പി. നാരായണൻ, ഷാജിത മുഹമ്മദ്, സെക്രട്ടറി ഡോ. ടി.എൻ. സിനി, സൂപ്രണ്ട് ആലീസ് കോശി, അസി. എൻജിനിയർ അശോക് കുമാർ, ഒന്നാം ഗ്രേഡ് ഹെൽത്ത് ഇൻസ്‌പെക്ടർ പോൾ തോമസ്, പദ്ധതി വിഭാഗം ക്ലർക്ക് പി. സജീവ് എന്നിവരും സംസാരിച്ചു.