ഗുരുവായൂർ: നഗരസഭാ പ്ലാസ്റ്റിക്ക് ഷ്രെഡിംഗ് യൂണിറ്റിന്റെയും പുതിയതായി രൂപീകരിച്ച ഹരിതസേനയുടെയും ഉദ്ഘാടനം ജനുവരി 27ന് നടക്കും. പ്ലാസ്റ്റിക്ക് സംസ്‌കരണത്തിനായി ആരംഭിക്കുന്ന പ്ലാസ്റ്റിക്ക് ഷ്രെഡിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ നിർവഹിക്കും. ചൂൽപ്പുറം ട്രംഞ്ചിംഗ് ഗ്രൗണ്ടിൽ ഞായറാഴ്ച രാവിലെ പത്തിന് നടക്കുന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ വി.എസ്. രേവതി അദ്ധ്യക്ഷനാകും.

പ്ലാസ്റ്റിക് ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനുമായി നഗരസഭാ തലത്തിൽ രൂപീകരിച്ച 67 അംഗ ഹരിതസേനയുടെ പ്രവർത്തനോദ്ഘാടനവും വേദിയിൽ നടക്കും. ഹരിതസേനയുടെ നേതൃത്വത്തിൽ വീടുകളിൽ നിന്നും കടകളിൽ നിന്നും പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിക്കുകയും സസ്‌കരിക്കുകയും ചെയ്യുന്നതോടെ നഗരത്തിൽ കുമിഞ്ഞു കൂടുന്ന പ്ലാസ്റ്റിക്കിന് വലിയ പരിഹാരം കാണുന്നതിന് സാധിക്കും.

നഗരസഭ ആരംഭിച്ച ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റിലൂടെ ഉത്പാദിപ്പിച്ച വളം 100 ടൺ ആണ് ഈ വർഷം കർഷകർക്കായി വിതരണം ചെയ്യാനായത്. പ്ലാസ്റ്റിക്ക് പൊടിക്കുന്ന യന്ത്രം പ്രവർത്തനം തുടങ്ങിയാൽ പ്ലാസ്റ്റിക്ക് പുനരുപയോഗത്തിനായി നൽകുവാനും നഗരസഭയ്ക്ക് വലിയ വരുമാനം ഉണ്ടാകുകയും ചെയ്യും.