ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ പെരുമ എന്ന വിഷയത്തിൽ പ്രഭാഷണ പരമ്പരയ്ക്ക് ഇന്ന് തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രുക്മിണി റീജൻസി ഹാളിൽ വൈകീട്ട് ആറിന് ഗുരുവായൂർ പെരുമയിലെ ആദ്യപ്രഭാഷണം എ.കെ.ബി നായർ നിർവഹിക്കും. ഡോ. കെ.ബി. പ്രഭാകരന്റെ അഗ്‌നിഹോത്രത്തോടു കൂടിയാണ് ചടങ്ങുകൾക്ക് ആരംഭം കുറിക്കുക. തുടർന്ന് ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രഭാഷണ പരമ്പരകളിൽ പ്രശസ്തരായ ചരിത്രകാരന്മാരും എഴുത്തുകാരും നിരൂപകരും ഗുരുവായൂരിന്റെ പെരുമയെ സംബന്ധിച്ച് പ്രഭാഷണങ്ങൾ അവതരിപ്പിക്കും.

എം.ജി.എസ് നാരായണൻ, എം.ആർ. രാഘവ വാര്യർ, ഡോ. കെ.എസ്. രാധാകൃഷ്ണൻ, എൽ. ഗിരീഷ്‌കുമാർ, സി. രാധാകൃഷ്ണൻ, ആലങ്കോട് ലീലാകൃഷ്ണൻ, അജിത് കൊളാടി, രാജേന്ദു, എൻ.പി. വിജയകൃഷ്ണൻ, വി. കലാധരൻ, ഇ.എം. സതീശൻ. തുടങ്ങിയവർ പ്രഭാഷണ പരമ്പരകളിൽ വിഷയാവതരണം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ പൈതൃകം കോ - ഓർഡിനേറ്റർ അഡ്വ. രവി. ചങ്കത്ത്, സെക്രട്ടറി മധു കെ. നായർ, ട്രഷറർ കെ.കെ. ശ്രീനിവാസൻ, അയിനിപ്പുള്ളി വിശ്വനാഥൻ, കെ.കെ. വേലായുധൻ, ബാല ഉള്ളാട്ട്, ഒ.വി. രാജേഷ്, മുരളി അകമ്പടി എന്നിവർ പങ്കെടുത്തു.