തൃശൂർ : യുവമോർച്ച സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പത്രസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച വൈകിട്ട് നാലിന് തേക്കിൻകാട് മൈതാനിയിലെ സമ്മേളന വേദിയിൽ പ്രധാനമന്ത്രി എത്തും. അഞ്ച് മണിവരെ പ്രധാനമന്ത്രി വേദിയിൽ ഉണ്ടാകും. സമ്മേളനത്തിന് മുന്നോടിയായുള്ള റാലികൾ ശക്തൻ സ്റ്റാൻഡിൽ നിന്നും പൂങ്കുന്നത്ത് നിന്നും ആരംഭിച്ച് സ്വരാജ് റൗണ്ടിലെത്തി സംഗമിച്ച് സമ്മേളന നഗരിയിലെത്തും. മൂന്ന് ലക്ഷം യുവാക്കൾ റാലിയിൽ പങ്കെടുക്കുമെന്ന് നേതാക്കൾ പറഞ്ഞു. പൊതുസമ്മേളനം വൈകിട്ട് മൂന്നിന് ആരംഭിക്കും. സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം പാറമേക്കാവ് സ്കൂളിൽ ഇന്ന് രാവിലെ പത്തിന് യുവമോർച്ച അഖിലേന്ത്യ അദ്ധ്യക്ഷ പൂനം മഹാജൻ ഉദ്ഘാടനം ചെയ്യും.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പി.എസ്. ശ്രീധരൻപിള്ള മുഖ്യപ്രഭാഷണം നടത്തും. നാളെ രാവിലെ യുവമോർച്ചയുടെ മുൻകാല ഭാരാവാഹികളുടെ സംഗമവും നടക്കുമെന്ന് എം.ടി. രമേശ് പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്നലെ കൊടിമര, പതാക,ബലിദാന ജ്യോതിയാത്രകൾ സമ്മേളന നഗരിയിലെത്തി. ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ.ബി. ഗോപാലകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് എ. നാഗേഷ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു...