nurse-anliya-death
നഴ്‌സ് ആൻലിയ മരണത്തിന് മുൻപ് വരച്ച ചിത്രം

ചാവക്കാട്: ദുരൂഹ സാഹചര്യത്തിൽ ആലുവ പുഴയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ആൻലിയ ഭർതൃവീട്ടിൽ അനുഭവിച്ച പീഡനങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒരു ചിത്രം വരച്ചിട്ടാണ് ഈ ലോകത്ത് നിന്നും വിട വാങ്ങിയത്. കരഞ്ഞുകൊണ്ടിരുന്നു ചിത്രം വരയ്ക്കുന്ന യുവതി അവൾക്കു ചുറ്റും അവളെ ഭയപ്പെടുത്തുന്ന കൈകളും. ഇങ്ങനെയൊരു ചിത്രം വരച്ചത് താൻ അനുഭവിച്ച പീഡനങ്ങൾ സമൂഹത്തെ ബോദ്ധ്യപെടുത്താനെന്ന വണ്ണമാണെന്ന് തോന്നി പോകും ആൻലിയയുടെ ദുരൂഹ മരണം.

ഓഗസ്റ്റ് 25ന് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആൻലിയയെ കാണാതായി എന്നാണ് ഭർത്താവ് ജസ്റ്റിൻ പറയുന്നത്. ഭാര്യയെ കാണാനില്ല എന്ന് പറഞ്ഞു ജസ്റ്റിൻ പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ആൻലിയയുടെ മരണം ആത്മഹത്യയാക്കി മാറ്റാൻ ശ്രമിച്ചു എന്നാണ് പെൺകുട്ടിയുടെ പിതാവ് ആരോപിക്കുന്നത്. ഗുരുവായൂർ എ.സി.പി ഓഫീസിൽ നിന്ന് നീതി ലഭിക്കുന്നില്ല എന്ന് മനസിലാക്കിയതിനെ തുടർന്നാണ് പ്രവാസിയായ പിതാവ് ഫോർട്ട് കൊച്ചി നസ്രേത്ത് പാറക്കൽ ഹൈജിനസ് (അജി പാറക്കൽ) മുഖ്യമന്ത്രിക്ക് പരാതി നൽകിയതും ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചതും.

കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും എന്ന് കണ്ട ആൻലിയയുടെ ഭർത്താവ് മുല്ലശേരി അന്നകര സ്വദേശി വി.എം. ജസ്റ്റിൻ (29) ചാവക്കാട് കോടതിയിൽ കീഴടങ്ങി. നേരത്തെ മുൻകൂർ ജാമ്യമെടുക്കാനുള്ള ഇയാളുടെ ശ്രമം പാളിയതോടെയാണ് കോടതിയിൽ കീഴടങ്ങിയത്. ബംഗളൂരുവിൽ എം.എസ്.സി നഴ്‌സിംഗ് വിദ്യാർത്ഥി ആയിരുന്ന ആൻലിയ ഓണത്തിന് നാട്ടിലെത്തി ആഗസ്റ്റ് 25 തിരിച്ചു പോകുന്നതിനിടെയാണ് കാണാതായി എന്ന് പറയുന്നത്. തുടർന്ന് ഓഗസ്റ്റ് 28ന് മൃതദേഹം ജീർണിച്ച നിലയിൽ ആലുവ പുഴയിൽ കണ്ടെത്തുകയായിരുന്നു.