ചാലക്കുടി: നഗരസഭയുടെ നവീകരിച്ച മാസ്റ്റർ പ്ലാനിന്റെ കരട് പട്ടിക വാർഡ് കൗൺസിലർമാരുടെ നിർദ്ദേശങ്ങളോടെ ഭേദഗതി വരുത്താൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. ഫെബ്രുവരി 15നകം അംഗങ്ങളുടെ അഭിപ്രായം സ്വരൂപിച്ച് വീണ്ടും കൗൺസിലിന്റെ അംഗീകാരം നേടുന്നതിനും ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
തുടർന്ന് രൂപം കൊള്ളുന്ന കരട് രേഖ വീണ്ടും പൊതുജനങ്ങളുടെ നിർദ്ദേശങ്ങൾക്കായി പ്രസിദ്ധീകരിക്കാനും യോഗത്തിൽ ധാരണയായി. ഇതിനു ശേഷമാകും മാസ്റ്റർ പ്ലാൻ സർക്കാർ അംഗീകാരത്തിനായി അയക്കുക. എന്നാൽ ഫെബ്രുവരി 16ലെ കൗൺസിൽ യോഗം ആദ്യ കരട് രേഖയ്ക്ക് അംഗീകാരം നൽകുന്ന മുറയ്ക്ക് നിലവിലെ മാസ്റ്റർ പ്ലാൻ റദ്ദാകുമെന്ന് വൈസ് ചെർമാൻ വിൽസൺ പാണാട്ടുപറമ്പിൽ യോഗത്തിൽ പറഞ്ഞു.
നാലര പതിറ്റാണ്ടായി ചാലക്കുടിയുടെ ഹൃദയഭാഗത്ത് മാത്രമായി ഒതുങ്ങുന്ന മാസ്റ്റർ പ്ലാനാണ് ഇനിമുതൽ നഗരസഭയുടെ 36 വാർഡുകളിലും വ്യാപിക്കുന്നത്. നാമമാത്രമായ സോണുകളിൽ ഒതുങ്ങിക്കിടന്ന മാസ്റ്റർ പ്ലാൻ ഇതോടെ 18 സോണുകളായി വിപുലീകരിക്കപ്പെടും. വികസനം മുൻനിറുത്തി എല്ലാ പ്രദേശങ്ങളിലും സമ്മിശ്ര സോണുകൾ ഉണ്ടെന്നതാണ് നവീകരിച്ച മാസ്റ്റർ പ്ലാനിലെ പ്രത്യേകത. ഇതോടെ മുടങ്ങിക്കിടക്കുന്ന വികസന പ്രവർത്തനങ്ങൾ ത്വരിതപ്പടുത്താനും കഴിയുമെന്ന് ഭരണപക്ഷം ചൂണ്ടിക്കാട്ടി.
നഗരത്തിലെ അനാവശ്യ സോണുകൾ ഇല്ലാതാകുന്നതോടെ ജനങ്ങൾക്ക് നഗരത്തിൽ ചെറുകിട വ്യവസായം തുടങ്ങുന്നതിനും ഒപ്പം ഭവനങ്ങൾ നിർമ്മിക്കുന്നതിനും സാദ്ധ്യമാകും. പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ,വി.ജെ. ജോജി, പി.എം. ശ്രീധരൻ, അഡ്വ. ബിജു ചിറയത്ത്, ഷിബു വാലപ്പൻ, ജിയോ കിഴക്കുംതല, കെ.വി. പോൾ, ജീജൻ മത്തായി, ആലീസ് ഷിബു, ജോയ് ചാമവളപ്പിൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.