പാവറട്ടി: എളവള്ളിക്കാവ് ചൊവ്വ ക്ഷേത്രത്തിലെ മകരപ്പത്ത് മഹോത്സവം വെള്ളിയാഴ്ച കോമരക്കൂട്ടങ്ങളുടെ കാവേറ്റത്തോടെ സമാപിച്ചു. ക്ഷേത്രം ഊരാളൻ തുവ്വാരെ രാമചന്ദ്രപ്പണിക്കർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. പൂരം എഴുന്നള്ളിപ്പിൽ തിരുവമ്പാടി അർജുനൻ തിടമ്പേറ്റി. പഞ്ചവാദ്യത്തിനും ചൊവ്വന്നൂർ സുധാകരനും ചെണ്ടമേളത്തിന് എളവള്ളി ജയനും പ്രാമാണികത്വം വഹിച്ചു.

വ്യാഴാഴ്ച വൈകീട്ട് വേലക്കളി, വിളയാട്ടം, കാവടി, പ്രാചീന കലാരൂപങ്ങൾ, ചൊവ്വ സമുദായ കമ്മിറ്റിയുടെ ശിവപൂതന നൃത്തം, കാവിലമ്മ സമുദായത്തിന്റെ തിറ, പൂതൻ എന്നിവയും ക്ഷേത്രത്തിൽ എത്തി. വെള്ളിയാഴ്ച രാവിലെ ക്ഷേത്ര തിരുനടയിൽ പറ നിറയ്ക്കൽ. തുടർന്ന് കലിയാട്ടം, ശ്രീ ഗോപി പണിക്കർ സ്മാരക ട്രസ്റ്റ്, തട്ടകം കമ്മിറ്റികളുടെ കാളക്കളി, കരിങ്കാളി, വേലക്കളി, കോമരക്കൂട്ടങ്ങളുടെ കാവേറ്റം എന്നിവയും അരങ്ങേറി.