വരന്തരപ്പിള്ളി: പ്രസിദ്ധമായ പാലയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി സി.കെ. നാരായണൻകുട്ടി കൊടിയേറ്റ് നിർവഹിച്ചു. 30നാണ് പ്രസിദ്ധമായ പൂരാഘോഷം. പൂരദിവസം രാവിലെ പ്രത്യേക ക്ഷേത്രച്ചടങ്ങുകൾ, തുടർന്ന് 8.30 മുതൽ പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ്, ഉച്ചയ്ക്കു ശേഷം മൂന്ന് മുതൽ കരയോഗങ്ങളുടെ പൂരം വരവ്, നാല് മുതൽ പാണ്ടിമേളത്തോടെയുള്ള എഴുന്നള്ളിപ്പ്, രാത്രി 10.30 മുതൽ മഹാഗുരുതി, പുലർച്ചെ കരയോഗങ്ങളുടെ പൂരം വരവും കൂട്ടി എഴുന്നള്ളിപ്പും നടക്കും. 31ന് രാവിലെ 6.30ന് ആറാട്ട് എഴുന്നള്ളിപ്പ്, ഹരിത കമ്പനി കുളത്തിൽ ആറാട്ട്, ആറാട്ടു കഞ്ഞി വിതരണം, തിരിച്ചെഴുന്നള്ളിപ്പ് എന്നിവയാണ് പരിപാടികൾ. പൂരം വരെ ദിവസവും ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകളും രാത്രി വിവിധ കലാപരിപാടികളും നടക്കും.