തിരുവില്വാമല: വി.കെ.എന്നിന്റെ പതിനഞ്ചാം ചരമവാർഷിക ദിനാചരണവും അനുസ്മരണസമ്മേളനവും നടന്നു. കേരള സാഹിത്യ അക്കാഡമിയുടെ നേതൃത്വത്തിൽ തിരുവില്വാമലയിൽ എൻ.എസ്.എസ് ടൗൺ കരയോഗം ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. രാവിലെ 9.30ന് വക്കേകൂട്ടാല തറവാട്ടിൽ നടന്ന പുഷ്പാർച്ചനയ്ക്ക് വി.കെ.എന്നിന്റെ ഭാര്യ വേദവതിയമ്മയും കുടുംബാംഗങ്ങളും നേതൃത്വം നൽകി. തുടർന്ന് നടന്ന അനുസ്മരണസമ്മേളനം സാഹിത്യകാരൻ അഷ്ടമൂർത്തി ഉദ്ഘാടനം നിർവഹിച്ചു.

സാമൂഹിക വിമർശനത്തിന് തന്റേതായ ഭാഷയിലൂടെ നർമ്മത്തിന്റെ മുഖം നൽകിയ വ്യക്തിയായിരുന്നു വി.കെ.എൻ എന്ന് അദ്ദേഹം അനുസ്മരിച്ചു.സാഹിത്യ അക്കാഡമി അംഗം ഡോ. സി. രാവുണ്ണി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ. രഘുനാഥ്, വി.കെ.കെ. രമേഷ്, എൻ. രാംകുമാർ, ടി.പി. ബെന്നി തുടങ്ങിയവർ സംസാരിച്ചു. വർഷംതോറും നൽകിവരുന്ന വി.കെ.എൻ പുരസ്‌കാര പ്രഖ്യാപനം ഇത്തവണയും നടത്തിയില്ല. കൂടാതെ തിരുവില്വാമല ഗ്രാമ പഞ്ചായത്തിന്റെ നിസ്സഹകരണവും ഏറെ ചർച്ചകൾക്ക് ഇടംനൽകി.