പുതുക്കാട്: പ്രശസ്തമായ തൃക്കൂർ മതിക്കുന്ന് വേല മഹോത്സവത്തിൽ പതിനായിരങ്ങൾ പങ്കെടുത്തു. വേലയുടെ മുന്നോടിയായി നടത്തിയ മതിക്കുന്ന് സംഗീതോത്സവത്തിൽ പ്രമുഖരടക്കം നിരവധി സംഗീതജ്ഞർ ഗാനാലാപനം നടത്തി. രാവിലെ നടന്ന ശീവേലിക്ക് തൃക്കൂർ രാജന്റെ നേതൃത്വത്തിൽ പഞ്ചവാദ്യവും ഉച്ചതിരിഞ്ഞ് നടന്ന 20 ദേശങ്ങളിൽ നിന്നുള്ള 27 ആനകൾ അണിനിരക്കുന്ന കൂട്ടിയെഴുന്നള്ളിപ്പ്, കാഴ്ചശീവേലി എന്നിവയ്ക്ക് കിഴക്കൂട്ട് അനിയൻ മാരാർ നയിച്ച പാണ്ടിമേളം മേളപ്രേമികളെ ആവേശം കൊള്ളിച്ചു.
തുടർന്ന് നടന്ന വർണ്ണാഭമായ കുടമാറ്റം ആകർഷകമായി. വൈകിട്ട് വിവിധ ദേശങ്ങളിൽ നിന്നുള്ള തെയ്യം, വേലകളികൾ എന്നിവയും ക്ഷേത്രത്തിലെത്തി. രാത്രി ക്ഷേത്ര ക്ഷേമസമിതിയുടെ നേതൃത്വത്തിൽ മേളപ്രമാണി കിഴക്കൂട്ട് അനിയൻ മാരാരെ ആദരിച്ചു. തുടർന്ന് രാത്രിയിൽ ക്ലാസിക്കൽ ഡാൻസും സംഗീത പരിപാടിയും നാടൻപാട്ട് അവതരണവും നടന്നു. ഞായറാഴ്ച പുലർച്ചെ കൂട്ടിയെഴുന്നള്ളിപ്പിന് ശേഷം ക്ഷേത്രനടയടച്ചു. ഏഴാം ദിവസം ഫെബ്രുവരി രണ്ടിനാണ് ഇനി ക്ഷേത്രനട തുറക്കുന്നത് അന്നാണ് പ്രസിദ്ധമായ മതിക്കുന്ന് പൊങ്കാല.