കേരളം നാലാം സ്ഥാനത്ത്

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് ഗുരുശ്രീ സ്കൂളിൽ വച്ച് നടന്ന 38ാമത് ദേശീയ സബ് ജൂനിയർ ബാൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ആന്ധ്രാപ്രദേശും പെൺകുട്ടികളുടെ വിഭാഗത്തിൽ തമിഴ്നാടും ജേതാക്കളായി. ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം തമിഴ്നാടും മൂന്നാം സ്ഥാനം മഹാരാഷ്ട്രയും കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം ആന്ധ്രാപ്രദേശും മൂന്നാം സ്ഥാനം കർണാടകയും കരസ്ഥമാക്കി. ഇരു വിഭാഗങ്ങളിലും കേരളത്തിനാണ് നാലാം സ്ഥാനം.

അഡ്വ.വി.ആർ. സുനിൽകുമാർ എം.എൽ.എ. സമാപന സമ്മേളനോദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു. ദേശീയബാൾ ബാഡ്മിന്റൺ ഫെഡറേഷൻ വൈസ് പ്രസിഡന്റ് സുരേഷ് ബോംഗഡെയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് ബാബു ജോസഫ്, സെക്രട്ടറി ഗോപകുമാർ, ട്രഷറർ കെ. സുധാകരൻ, സംഘാടക സമിതി ചെയർമാൻ സി.സി. വിപിൻ ചന്ദ്രൻ, കൗൺസിലർമാരായ ഇ സി. അശോകൻ , സുമ നാരായണൻ, കവിത മധു, വിനിത മണിലാൽ, സ്കൂൾ പ്രിൻസിപ്പൽ ശ്രീജ കിഷോർ, ഇ.എസ്. സാബു, സംഘാടക സമിതി കൺവീനർ ഡോ. ടി.ആർ. കിഷോർ കുമാർ എന്നിവർ സംസാരിച്ചു.

പെൺകുട്ടികൾക്കും വനിതാ ഒഫീഷ്യൽസിനുമൊക്കെ താമസത്തിനായി ഗുരുശ്രീയുടെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയപ്പോൾ ആൺകുട്ടികൾക്കുള്ള താമസ സൗകര്യം നാട്ടുകാർ വിട്ടുനൽകിയ വീടുകളിലാണൊരുക്കിയത്. ഇവർക്കെല്ലാം വേണ്ട ഭക്ഷണവും മറ്റു വിഭവങ്ങളും നാട്ടുകാർ സമാഹരിച്ച് നൽകി. ഇതര സംസ്ഥാനങ്ങളിലെ കായിക താരങ്ങളിലെ കലാപ്രതിഭകളും നാട്ടുകാരും അവതരിപ്പിച്ച കലാസന്ധ്യ എല്ലാ ദിവസവും അരങ്ങേറി...