കോടികൾ കിട്ടാനുണ്ടെന്ന് കമ്പനി

തൃശൂർ: നിർമ്മാണം പൂർത്തിയാക്കി കുതിരാൻ തുരങ്കം ജനുവരി 29 നുളളിൽ ഗതാഗതത്തിന് തുറന്നുകൊടുക്കാമെന്ന കമ്പനിയുടെ ഉറപ്പും മന്ത്രിയുടെ പ്രഖ്യാപനവും പെരുവഴിയിൽ. അതേസമയം, ആറുവരിപ്പാത നിർമ്മാണകമ്പനിയായ കെ.എം.സി, ആറുമാസമായി നൽകാനുളള നാൽപ്പത്തിയഞ്ച് കോടിയിലേറെ രൂപ ലഭിക്കാതെ പണി നടത്തില്ലെന്ന നിലപാടിലാണ് തുരങ്കനിർമ്മാണം നടത്തുന്ന പ്രഗതി കമ്പനി.

നിശ്ചിതസമയത്ത് പണികൾ പൂർത്തീകരിക്കാത്തതിനാൽ ദേശീയപാത നിർമ്മാണ കമ്പനിയ്ക്ക് വായ്പ നൽകുന്ന ബാങ്കുകളുടെ കൺസോർഷ്യം വായ്പാ ഗഡുക്കൾ നൽകുന്നത് തടയുകയായിരുന്നു. ഇതോടെയാണ് തുരങ്കത്തിന്റെ പണി അനിശ്ചിതത്വത്തിലായത്. പ്രഗതി ഗ്രൂപ്പ് ഹിമാചൽ പ്രദേശിൽ പുതിയ തുരങ്ക നിർമ്മാണത്തിന്റെ കരാറെടുത്തതോടെ കമ്പനിയുടെ വിദഗ്ധ തൊഴിലാളികൾ അവിടേക്ക് പോയതും പ്രതിസന്ധിയ്ക്ക് ഇടയാക്കി.

കുതിരാനിൽ തുരങ്കത്തിന് സമീപത്തും പരിസര പ്രദേശങ്ങളിലും മണ്ണിടിയാനുള്ള സാദ്ധ്യത കൂടുതലായതിനാൽ തുരങ്കത്തിലെ സ്ഥിതി അതീവഗുരുതരമാണെന്ന് നിയമസഭ പരിസ്ഥിതി സമിതി വിലയിരുത്തിയിരുന്നു. കൂലി കിട്ടാതെ തൊഴിലാളികൾ സമരം തുടങ്ങിയതോടെ ആറ് മാസം മുമ്പ് നിർമ്മാണം നിലച്ചിരുന്നു. അഗ്‌നിസുരക്ഷാ സംവിധാനങ്ങൾ നടപ്പിലാക്കിവേണം തുരങ്കം തുറന്നുകൊടുക്കാൻ. ഇതിനും സമയമെടുക്കും.

മണ്ണിടിച്ചിൽ ?

പ്രളയത്തിൽ മണ്ണിടിഞ്ഞു ഗതാഗതം താറുമാറായ തുരങ്കത്തിന്റെ കിഴക്കുഭാഗത്തായി ഇനിയും മണ്ണിടിയാനുള്ള സാദ്ധ്യതയുണ്ട്. നിർമ്മാണം പൂർത്തിയായ തുരങ്കപാതയിൽ ഗാബിയോൺ ഭിത്തി കെട്ടണമെന്ന് ദേശീയപാത സുരക്ഷാ വിഭാഗം നിർദ്ദേശിച്ചിരുന്നു. എന്നാൽ, കനത്ത മഴയിൽ തുരങ്കത്തിന്റെ മുൻഭാഗത്ത് ഇടിഞ്ഞ വീണ് മണ്ണും നീക്കം ചെയ്യാനായില്ല. പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ സ്ഥലം സന്ദർശിച്ചപ്പോൾ, കമ്പനിയുടെ ആവശ്യങ്ങൾ പരിഗണിക്കാതിരുന്നതിന് വനം, റവന്യൂ ഉദ്യോഗസ്ഥരെ ശാസിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ ഇടപെടലുകൾ കാര്യക്ഷമമല്ലെന്ന പരാതി പിന്നെയും ഉയർന്നു.

അതേസമയം, ദേശീയപാത നിർമാണത്തിൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണമെന്നാവശ്യപ്പെട്ട് കളക്ടർ ദേശീയപാത അതോറിറ്റിക്ക് കത്തു നൽകിയിരുന്നു. മണ്ണുത്തി സെന്ററിലെ അടിപാതയിലെ ഇന്റർലോക്ക് ഇഷ്ടിക പുറത്തേക്ക് തള്ളി വരുന്നതടക്കമുള്ള അപാകതകൾ സംബന്ധിച്ചായിരുന്നു കളക്ടർക്ക് സമർപ്പിച്ച പരാതി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് റോഡ് നിർമാണമെന്ന് ചൂണ്ടിക്കാട്ടി കോടതിയിലും ഹർജിയുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുന്നതിനായി നിർമാണത്തിന്റെ ഓരോ ഘട്ടവും വീഡിയോ ഡോക്യുമെന്റ് ചെയ്യണമെന്നാണ് ചട്ടം. എന്നാൽ നിർമാണ കമ്പനി ഇതു പാലിച്ചിട്ടില്ലെന്നാണ് ആക്ഷേപം.

ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയത സംബന്ധിച്ച് നിരവധി പരാതികളുയരുന്നതായി കളക്ടർ ദേശീയപാത അതോറിറ്റിക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ കരാർ കമ്പനി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നാണ് കളക്ടർ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. പ്രശ്‌ന പരിഹാരത്തിനായി സർക്കാർ ഇടപെടണമെന്നും പുതിയ കമ്പനിയെ നിർമ്മാണചുമതല ഏൽപ്പിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

പണം കിട്ടിയാൽ നാലുമാസം മതി

മേയിലാണ് അവസാനമായി പണം ലഭിച്ചത്. പിന്നീട് കുറച്ച് പണം കിട്ടിയെങ്കിലും ഒന്നുമായില്ല. ആഗസ്റ്റ് 19 ന് നിർമ്മാണം നിറുത്തിയതാണ്. ഒരു തുരങ്കത്തിൽ പെയിന്റിംഗ് അടക്കമുള്ള അറ്റകുറ്റപ്പണികളാണുള്ളത്. രണ്ടാമത്തെ ടണലിൽ കുറച്ച് കൂടുതൽ പണിയുണ്ട്. പണം ലഭിച്ചാൽ നാലുമാസത്തിനുള്ളൽ രണ്ടുതുരങ്കവും ഗതാഗതത്തിന് തുറന്ന് കൊടുക്കാം.

-പ്രഗതി കമ്പനി അധികൃതർ