തൃശൂർ: അമ്പത് മിനിറ്റോളം വൈകിയെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി വേദിയിൽ എത്തി പതിനായിരങ്ങളെ നോക്കി കൈ ഉയർത്തി വീശിയപ്പോൾ മോദി തരംഗം അലയടിച്ചു. സംസ്ഥാന നേതാക്കൾ പ്രസംഗം തുടരുമ്പോഴും എല്ലാവരുടെയും കണ്ണുകൾ മോദിയെ കാത്തിരിക്കുകയായിരുന്നു. വേദിയിലെത്തുമെന്ന് പറഞ്ഞിരുന്ന സമയമായപ്പോൾ പ്രവർത്തകർ ആരവം മുഴക്കി. തന്റെ പ്രസംഗത്തിനിടെ ആരവമുയർത്തിയപ്പോൾ എം.ടി. രമേശ്, പ്രധാനമന്ത്രി വരുന്നതേയുള്ളൂവെന്ന് പ്രവർത്തകരെ ഒാർമ്മിപ്പിച്ചു.

വൈകിട്ട് നാലര:

കുട്ടനെല്ലൂർ ഹെലിപ്പാഡിൽ പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ വന്നിറങ്ങുമ്പോൾ പൂച്ചെണ്ട് നൽകി സ്വീകരിക്കാൻ സി.എൻ. ജയദേവൻ എം.പി.യുണ്ടായിരുന്നു. മേയർ അജിത വിജയൻ, കളക്ടർ ടി.വി. അനുപമ, സിറ്റി പൊലീസ് കമ്മിഷണർ യതീശ് ചന്ദ്ര, കോർപറേഷൻ ബി.ജെ.പി. കൗൺസിലർമാരായ രാവുണ്ണി, പൂർണ്ണിമ സുരേഷ്, കെ. മഹേഷ്, വിൻഷി അരുൺകുമാർ, അവിണിശേരി പഞ്ചായത്ത് പ്രസിഡന്റ് സൂര്യ ഷോബി, നേതാക്കളായ പി.എസ്. ശ്രീരാമൻ, പി.എം. ഗോപിനാഥ്, പി.എൻ. ചന്ദ്രൻ, പി.വി. സുബ്രഹ്മണ്യൻ തുടങ്ങിയവരുമുണ്ടായിരുന്നു.

4.52

തേക്കിൻകാട് മൈതാനിയിലെ നായ്ക്കനാലിൽ 10 അടി ഉയരത്തിൽ ഒരുക്കിയ വേദിയിലേക്ക് പ്രധാനമന്ത്രി കയറി കൈ ഉയർത്തി വീശിയപ്പോൾ നിലയ്ക്കാത്ത ആരവം. മോദിയ്ക്കും രാജ്യത്തിനും അഭിവാദനം അർപ്പിച്ചുകൊണ്ടുളള മുദ്രാവാക്യങ്ങൾ മുഴങ്ങി. കാവിക്കൊടികൾ വീശി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള ഷാൾ അണിയിച്ചും യുവമോർച്ച നേതാക്കൾ പടുകൂറ്റൻ പുഷ്പമാല അണിയിച്ചും മോദിയെ വരവേറ്റു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് നാഗേഷ് എഴുന്നെള്ളിച്ച ആനയുടെ ശിൽപ്പവും സമർപ്പിച്ചു. സംഘാടകസമിതി, തെക്കേഗോപുരനടയിലെ എഴുന്നള്ളിപ്പിന്റെ ചിത്രവും നൽകി. ഒ. രാജഗോപാലിന്റെ ജീവചരിത്രപുസ്തകം രാജസൂയം കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് നൽകി പ്രധാനമന്ത്രി പ്രകാശനം ചെയ്തു. അദ്ധ്യക്ഷനായ ശ്രീധരൻ പിള്ളയുടെ അഞ്ച് മിനിറ്റ് നീണ്ട പ്രസംഗം കഴിഞ്ഞായിരുന്നു മോദി പ്രസംഗപീഠത്തിൽ കയറിയത്.

5.05

ഭാരത് മാതാവിന് അഭിവാദ്യം അർപ്പിച്ച് പ്രസംഗം തുടങ്ങിയ മോദി, രാജ്യത്തിന്റെ വികസനമാണ് ആദ്യം പ്രധാനവിഷയമാക്കിയത്. പിന്നീട് ശബരിമല വിഷയത്തിലേക്ക് കടന്നു. ഒടുവിൽ കോൺഗ്രസിനും സി.പി.എമ്മിനും സംസ്ഥാന സർക്കാരിനും എതിരെ ആഞ്ഞടിച്ചു. വി. മുരളീധരൻ എം.പി പരിഭാഷ നടത്തി.

5.48

മുക്കാൽ മണിക്കൂറോളം നീണ്ട പ്രസംഗം പെട്ടെന്ന് അവസാനിപ്പിച്ചെങ്കിലും എല്ലാ വിഷയങ്ങളും സ്പർശിച്ചു. നേരം വൈകിയാൽ ഹെലികോപ്റ്റർ ഉപയോഗിക്കാനാവില്ലെന്ന നിർദ്ദേശത്തെ തുടർന്ന് പെട്ടെന്ന് തന്നെ അദ്ദേഹം മടങ്ങി...